തിരുവനന്തപുരം: സ്‌പ്രിംഗളറുമായുള്ള ഇടപാടിനെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലൻ. സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയമ വകുപ്പിനെ കാണിക്കേണ്ട ആവശ്യമില്ല.ഇടപാട് ഐ.ടി വകുപ്പ് മാത്രം തീരുമാനിച്ചാൽ മതി. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐ.ടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. നിയമപ്രശ്നം ഉണ്ടെങ്കിൽ മാത്രം നിയമവകുപ്പിനെ കാണിച്ചാൽ മതി. സംസ്ഥാനത്തെ എല്ലാ വകുപ്പുകളുടെയും കാര്യം നിയമവകുപ്പ് അറിയേണ്ടതില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
പ്രതിപക്ഷം കള്ളപ്രചാരണം നടത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും നിയമമന്ത്രി ആരോപിച്ചു. ഉത്തമവിശ്വാസത്തിലാണ് സർക്കാർ സ്പ്ലിംഗറുമായുള്ള ഇടപാട് ഉറപ്പിച്ചത്. 6 മണിക്ക് ലോകത്തെ അഭിസംബോധന ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഡാറ്റ കിട്ടിയത് ഈ ഇടപാട് കൊണ്ടാണ്. സ്പ്ലിംഗറുമായുള്ള ഇടപാട് ക്യാബിനറ്റിൽ ചർച്ചയ്ക്ക് വരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഈ ഇടപാടിന് നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന് ഉത്തരവാദി ഐ.ടി സെക്രട്ടറിയാണ്. ക്യാബിനറ്റും മന്ത്രിമാരും കാണാതെ സംസ്ഥാനത്ത് ധാരാളം കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. ആ കരാറുകളുകളുടെയൊക്കെ ഉത്തരവാദികൾ അത് ഒപ്പിട്ട ഉദ്യോഗസ്ഥരാണ്. ലാവ്ലീൻ കേസ് ഉമ്മൻചാണ്ടിയുടെ കാലത്താണ് അന്വേഷിച്ച് തള്ളിയത്.പിണറായിയെ നശിപ്പിച്ച് കളയാനാകില്ല. അദ്ദേഹം ഒരുപാട് അഗ്നിപരീക്ഷകൾ കഴിഞ്ഞ് വന്നയാളാണെന്നും എ.കെ ബാലൻ പറഞ്ഞു.