accident

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അമിത വേഗത്തിലെത്തിയ കോർപറേഷന്റെ ജീപ്പ് ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്‌‌റ്റുചെയ്തു. ജീപ്പ് ഓടിച്ചിരുന്ന നെയ്യാറ്റിൻകര തിരുപുറം സ്വദേശി ജോണിനെയാണ് മ്യൂസിയം പൊലീസ് അറസ്‌റ്റുചെയ്തത്. കോർപറേഷനിൽ താത്കാലിക ഡ്രൈവറാണ് ഇയാൾ. അറസ്‌‌റ്റു രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പേരൂർക്കട മണ്ണാമ്മൂല സ്വദേശി അനിൽകുമാർ (55)​,​ ഭാര്യ മിനി (50)​ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾ അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ പറഞ്ഞു. രണ്ട് കാലുകളിലും വലതുകൈയിലും പൊട്ടലുള്ള അനിൽകുമാറിനെ ശസ്ത്രക്രിയയ്ക്കുശേഷം വാർ‌ഡിലേക്ക് മാറ്റി. നട്ടെല്ലിനും തോളിനും ഗുരുതര പരിക്കേറ്റ മിനിക്കും ശസ്ത്രക്രിയ നടത്തിയെങ്കിലും ന്യൂറോ ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്.

17ന് വൈകിട്ട് 5.30ന് വെള്ളയമ്പലം ജംഗ്ഷനിലായിരുന്നു അപകടം. വഴുതക്കാട് സിവിൽ സപ്ളൈസ് ജീവനക്കാരിയായ മിനിയെ അനിൽകുമാറാണ് ദിവസവും രാവിലെ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുപോകുന്നതും. സംഭവദിവസം വൈകിട്ട് ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശാസ്തമംഗലത്തുവച്ച് കോർപറേഷന്റെ ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. മ്യൂസിയം പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയ്‌ക്കും അശ്രദ്ധ ഡ്രൈവിംഗിനും കേസെടുത്ത പൊലീസ് ജീപ്പ് വിട്ടുകൊടുത്തത് വിവാദമായിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുള്ള വകുപ്പുകൾ പൊലീസ് ചുമത്താത്തത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്നവരെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.