ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് മഹാമാരി അതിരൂക്ഷമാകുന്നു. പൊതുജനങ്ങൾക്കൊപ്പം ആരോഗ്യപ്രവർത്തകർക്കും സർക്കാർ - പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപിക്കുന്നത് ഡൽഹിയുടെ കാര്യത്തിൽ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 കടന്നു. സഫ്ദർജംഗ് ആശുപത്രിയിൽ രണ്ട് നഴ്സുമാർക്കും സാകേത് മാക്സിൽ മൂന്ന് നഴ്സുമാർക്കും എൽ.ജെ.പിയിൽ മൂന്ന് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
മുൻകരുതലിൻ്റെ ഭാഗമായി പടിഞ്ഞാറൻ ഡൽഹിയിലെ 13 സ്കൂളുകളിലെ 700 ജീവനക്കാരെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മകനായ ഭക്ഷ്യവിതരണ ഇൻസ്പെക്ടർ ഈ സ്കൂളുകൾ സന്ദർശിച്ചിരുന്നു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹി ലേഡി ഹാർഡിങ്ങ് ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ എട്ടു പേർക്ക് ഇന്ന് കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവിടുത്തെ ശിശുരോഗ ഐ.സി.യു അടച്ചു.
കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണിത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 1800 കടന്നു.