കല്ലമ്പലം : പൈനാപ്പിൾ വിളവെടുപ്പിനുസമയമായിട്ടും ആവശ്യക്കാർ ഇല്ലാത്തത് മൂലം ദുരിതമനുഭവിക്കുന്ന കർഷകന് താങ്ങായി കടുവയിൽ കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ. കൊവിഡ് മൂലം പൈനാപ്പിൾ പഴങ്ങൾ അന്യസംസ്ഥാനങ്ങളിലെ വിപണിയിലെത്തിച്ച് വിൽക്കാൻ കഴിയാത്തതാണ് കർഷകരെ ദുരിതത്തിലാക്കിയത്. തുടർന്ന് കാർഷിക സഹകരണ സംഘങ്ങൾ വഴിയും, സന്നദ്ധ കൂട്ടായ്മകൾ വഴിയും ആകർഷണീയ വിലയ്ക്ക് വാങ്ങിപ്പിക്കുന്നതിനായി കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ 'പൈനാപ്പിൾ ചലഞ്ച്' നടപ്പിലാക്കി. തുടർന്നാണ് നെടുമങ്ങാട് ആനാട് പഞ്ചായത്തിൽ 25 ഏക്കറിൽ പൈനാപ്പിൾ കൃഷിചെയ്ത മൂവാറ്റുപുഴയിലെ കർഷകനായ ബെന്നിയുടെ തോട്ടത്തിൽ നിന്നും 500 കിലോ കന്നാര ഇനത്തിലുള്ള ഫലങ്ങൾ സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ വാങ്ങി അംഗങ്ങൾക്കും, മണമ്പൂർ കമ്മ്യൂണിറ്റി കിച്ചണിലേക്കും സൗജന്യമായി നൽകി പൈനാപ്പിൾ ചലഞ്ചിൽ പങ്കാളിയാകുകയായിരുന്നു.