mask

ആഗ്ര: പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിച്ചില്ലെന്ന കുറ്റം ചുമത്തി എട്ടുപേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജയിലിൽ അടച്ചു. യോഗി ആദിത്യനാഥിന്റെ യു.പി സർക്കാർ പൊതു സ്ഥലങ്ങളിൽ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആഗ്രയിലെ ലോഹ മാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവർ.

ഒരു ലക്ഷം രൂപ പിഴ നൽകാൻ കഴിയാതെ വന്നതോടെയാണ് 14 ദിവസം റിമാൻഡ് ചെയ്തത്. മാസ്‌ക്ക് ധരിക്കാത്തതിന് മൂന്ന് പേരെ കഴിഞ്ഞ ആഴ്ച യു.പിയിലെ ഷാഹ്ഗനി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും വായും മൂക്കും മൂടുന്ന രീതിയിൽ മാസ്‌ക്ക് ധരിക്കണമെന്ന് യു.പി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ 960 ലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഉത്തർപ്രദേശിൽ 14 പേരാണ് മരിച്ചത്.