c

തിരുവനന്തപുരം: ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പബ്ളിക് ഹെൽത്ത് നഴ്സ് ആയ ഉഷ വീടുകളിൽ ചെന്ന് മാസ്‌‌ക് വയ്‌ക്കാനും,​ കൈ കഴുകാനും ഓർമ്മിപ്പിക്കുമ്പോൾ ചിലർ തിരിച്ച് ഓർമ്മിപ്പിക്കും: 'മന്ത്രി മാസ്‌കൊന്നും വച്ചിട്ടില്ല കേട്ടോ!' ഭക്ഷ്യമന്ത്രി പി.തിലോത്തമനെ വാ‌ർത്താസമ്മേളനത്തിനിടെ ടിവി വാർത്തയിൽ കണ്ടവരുടെ കമന്റ് ആണ്. അടുത്ത നിമിഷം മന്ത്രിയുടെ മൊബൈലിൽ ഉഷയുടെ വിളി വരും.

മാസ്‌ക് വയ്‌ക്കാത്തതെന്താ?​ പുറത്തിറങ്ങുമ്പോൾ മാസ്‌ക് വയ്‌ക്കാൻ മറക്കരുതെന്ന് പറ‌ഞ്ഞിട്ടില്ലേ?​ മാരാരിക്കുളത്തെ പബ്ളിക് നഴ്സിന്,​ തലസ്ഥാനത്തു താമസിക്കുന്ന ഭക്ഷ്യമന്ത്രിയുടെ ആരോഗ്യകാര്യത്തിൽ എന്തിനാ ഇത്ര ഉത്‌കണ്‌ഠയെന്നു വിചാരിക്കേണ്ട! മന്ത്രി തിലോത്തമന്റെ ഭാര്യയാണ് ഉഷ. 11,​ 16 വാർഡുകളിലെ പ്രതിരോധ ബോധവത്‌കരണ ചുമതലയ്‌ക്കിടെ ഭർത്താവിന്റെ ആരോഗ്യം മറക്കരുതല്ലോ!

വിശ്രമമില്ലാത്ത ഓട്ടത്തിലാണ് മന്ത്രി. സൗജന്യ റേഷന്റെയും പലവ്യഞ്ജന കിറ്റിന്റെയുമൊക്കെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് നോക്കണം. റേഷൻ വിതരണത്തിൽ പരാതികളുണ്ടോ എന്ന് പരിശോധിക്കണം. തിരിക്കിനിടെ വാ‌ർത്താസമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ മാസ്‌ക് മറക്കും. അപ്പോഴാണ് ഉഷയുടെ വിളി. മന്ത്രിയെ നേരിട്ട് ഫോണിൽ കിട്ടിയില്ലെങ്കിൽ ഗൺമാന്റെ ഫോണിലേക്ക് കൃത്യമായി വിളി എത്തും.

വീടുകളിൽ കൊവിഡ് പ്രതിരോധ നടപടികൾ ഓർമ്മിപ്പിക്കാൻ ഉഷ ചെല്ലുമ്പോഴാണ് 'മാസ്‌കൊന്നും കിട്ടാനില്ല സിസ്റ്ററേ' എന്ന് ചിലരുടെ പരാതി. പിറ്റേന്നുതന്നെ മാസ്‌ക് എത്തിച്ച് ഉഷ ഓർമ്മിപ്പിക്കും: ഇതു മാത്രം പോരാ,​ ഇടയ്‌ക്കിടെ സോപ്പിട്ട് കൈ കഴുകണം,​ സാമൂഹിക അകലം പാലിക്കണം!

1992- ലായിരുന്നു പി. തിലോത്തമനുമായുള്ള വിവാഹം. അദ്ദേഹം അന്ന് പാർട്ടി സംസ്ഥാന കമ്മിറ്രി അംഗം. ​1999- ൽ ഉഷ ആരോഗ്യ വകുപ്പ് ജീവനക്കാരിയായി. ഭർത്താവ് ഭക്ഷ്യവകുപ്പ് മന്ത്രിയായപ്പോൾ ഉഷ ചില്ലറ റേഷൻകാര്യങ്ങൾ കൂടി പഠിച്ചു വച്ചു. പിങ്ക് കാർഡിന് എത്ര അരി കിട്ടും,​ വെള്ളക്കാർഡിന് മണ്ണെണ്ണ ഇല്ലേ?​ ജനം ചോദിക്കുമ്പോൾ,​ അത് തന്റെ വകുപ്പല്ലെന്ന് പറയാനൊക്കുമോ?​ മകൻ അ‌ർജുൻ ബി.കോം കഴിഞ്ഞു. മകൾ അമൃത ഫാം.ഡി അവസാന വർഷം.