covid

ന്യൂഡൽഹി: നാവികസേനയുടെ മുംബയ് ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡിൽ 25 സേനാംഗങ്ങൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ സേന അതീവ ജാഗ്രതയിലാണ്. നാവികസേനയുടെ കരുത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും യുദ്ധ മുന്നണിയിലെ ഏതു ദൗത്യവും ഏറ്റെടുക്കാൻ സജ്ജമാണെന്നും സേന വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച 25 പേർക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു എന്നതാണ് സ്ഥിതി സങ്കീർണമാക്കുന്നത്. നിലവിൽ കര, നാവിക, വ്യോമ സേനകളിൽ രോഗ ലക്ഷണങ്ങൾ കാട്ടുന്നവരെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നത്. ഇപ്പോൾ സേനാംഗങ്ങളെ മുഴുവൻ പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണ് പ്രതിരോധ സേന നേരിടുന്നത്.

വൈറസ് ബാധയുള്ളയാൾ ലക്ഷണങ്ങൾ കാട്ടണമെന്നു നിർബന്ധമില്ലാത്തതിനാൽ വരും ദിവസങ്ങളിൽ സേനാംഗങ്ങളെ വ്യാപകമായി പരിശോധിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് സേനകളിലുമായി ഏതാണ്ട് 15 ലക്ഷം സേനാംഗങ്ങളാണുള്ളത്. എന്നാൽ ഇവരെ എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുക പ്രായോഗികമല്ല. അതുകൊണ്ട് യുദ്ധമുന്നണിയിൽ നിർണായക പങ്കുവഹിക്കുന്ന യുദ്ധക്കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയിൽ നിലയുറപ്പിച്ചിട്ടുള്ള സേനാംഗങ്ങളെയും യുദ്ധവിമാന പൈലറ്റുമാരെയും ആദ്യ ഘട്ടത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതിർത്തി കാക്കുന്ന ജവാൻമാർക്കിടയിലും വ്യാപക പരിശോധന നടത്തും.