aji-

ചിറയിൻകീഴ്: കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിലർ അജി മാന്നാത്തിന്റെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ ലോക്ക് ഡൗൺ കാലത്ത് മറ്രുള്ളവർക്ക് മാതൃകയാകുന്നു. നെൽകൃഷി അടക്കം മൂന്ന് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഗൾഫിൽ നിന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ അജിയുടെ ലക്ഷ്യം കൃഷിയിലേക്ക് തിരിയാനായിരുന്നു.

ലോക്ക് ഡൗൺ കാലത്തും അജിയുടെ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്. സൗജന്യമായും പച്ചക്കറി വിതരണം ചെയ്യുന്നുന്നുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ, പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ എന്നിവിടങ്ങളിലേക്ക് ഇതിനോടകം തന്നെ കാർഷിക വിഭവങ്ങൾ സൗജന്യമായി നൽകി കഴിഞ്ഞു. കാർഷിക വിളകൾ വാങ്ങാൻ എത്തുന്നവർ മുൻകാലങ്ങളെക്കാളും അവയുടെ പരിപാലന രീതിയെ കുറിച്ചും കൃഷിയെ കുറിച്ചും കൂടുതൽ ചോദിച്ചറിയാറുണ്ട്. പലരും കൃഷി ചെയ്യാൻ താൽപര്യം കാണിക്കുന്നുവെന്നും ഈ ലോക്ക് ഡൗൺ കാലം മലയാളിക്ക് പല തിരിച്ചറിവുകളും സമ്മാനിച്ചതിലൊന്നാണ് കൃഷിയിലേക്കുള്ള പലരുടെയും താൽപര്യമെന്നും അജി സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നു. പഞ്ചായത്ത് തലത്തിൽ നിന്നും യുവകർഷകൻ, സമ്മിശ്ര കർഷകൻ, പ്രവാസി കൂട്ടായ്മയിൽ നിന്നുള്ള അംഗീകാരം എന്നിവയെല്ലാം തേടിയെത്തിയിട്ടുണ്ട്. കൃഷിക്ക് പുറമേ കൊയ്ത്ത് മെതിയന്ത്രത്തിന്റെ ഓപ്പറേറ്റർ കൂടിയാണ് ഇയാൾ. അതുകൊണ്ടുതന്നെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി നിലങ്ങൾ ഉഴാൻ വേണ്ടി പോകുന്നുണ്ട്. ആവശ്യക്കാർക്ക് കാർഷിക യന്ത്രങ്ങളുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എസ്‌.എൻ.ഡി.പി സംഘടനാ പ്രവർത്തനവും നടത്തുകയാണ് പ്രവാസിയായിരുന്ന അജി മാന്നാത്ത്.