ബാലരാമപുരം: വില്ലിക്കുളത്ത് പെട്ടി ആട്ടോയിൽ പഴകിയ മീൻ വില്പന നടത്തിയത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാവിലെ 8 ഒാടെയായിരുന്നു സംഭവം. നാട്ടുകാരിൽ ചിലർ മീൻ വാങ്ങിയെങ്കിലും ചൂര, അയല മീനുകളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരാതിയുയർന്നു. ഇതേത്തുടർന്ന് ബി.ജെ.പി പ്രവർത്തകരായ ഒ.ബി.സി മോർച്ച പ്രസിഡന്റ് വില്ലിക്കുളം രാജേഷ്,​ വാർഡ് പ്രസിഡന്റ് ഷിബുമോൻ,​ രാജേഷ്,​ എന്നിവരെത്തി വില്പന നിറുത്തിച്ച് ആട്ടോ തിരികെ അയക്കുകയായിരുന്നു. മിക്ക സ്ഥലങ്ങളിലും ആരോഗ്യവകുപ്പിന്റെ യാതൊരുവിധ പരിശോധനയുമില്ലാതെയാണ് പഴകിയ മീനുകൾ ഇടറോഡുകളിൽ അതിരാവിലെ വില്പനക്കെത്തിക്കുന്നത്. മീൻവില്പന കേന്ദ്രങ്ങളിൽ ഫുഡ് സേഫ്ടി വകുപ്പ് ശാസ്ത്രീയ പരിശോധന നടത്തി മീനുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച രാത്രി 11 ഒാടെ പഴകിയ മീനുമായെത്തിയ ലോറി സി.എച്ച്.സി മെ‌ഡിക്കൽ ഓഫീസർ ആർ.എം.ബിജുവിന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ തടഞ്ഞ് തിരികെ അയച്ചിരുന്നു.