നെടുമങ്ങാട് : കൊവിഡ് 19 പ്രതിരോധ കാലത്തും വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ചുമട്ടുതൊഴിലാളികൾ. ലോക്ക് ഡൗൺ നിലവിൽ വന്നശേഷം റേഷൻ കടകളിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും അധികമായെത്തിയ അരിയും ഗോതമ്പും മറ്റു ഭക്ഷ്യധാന്യങ്ങളും മുടക്കമില്ലാതെ കയറ്റിറക്കുന്ന കഠിന ജോലി തുടരുകയാണ് ഇവർ. നെടുമങ്ങാട് താലൂക്കിലെ 309 റേഷൻ കടകളിലും അമ്പതോളം പ്രധാന മൊത്ത വ്യാപാര ഗോഡൗണുകളിലും കയറ്റിറക്ക് നിലയ്ക്കാതെ മുന്നേറുന്നതിനു പിന്നിൽ ഈ തൊഴിലാളികളുടെ പങ്ക് എടുത്തു പറയണം. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ 1,200 ഓളം അംഗീകൃത തൊഴിലാളികളും അസിസ്റ്റന്റ് ലേബർ ഓഫീസറുടെ കീഴിൽ 1,500 ഓളം സ്കാറ്റേർഡ് വിഭാഗം തൊഴിലാളികളുമാണ് ഭക്ഷ്യധാന്യങ്ങളുടെ കയറ്റിറക്കിൽ വ്യാപൃതരായിട്ടുള്ളത്. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷന്റെയും സപ്ലൈകോയുടെയും കീഴിലുള്ള നെടുമങ്ങാട്ടെ പ്രധാന ഗോഡൗണുകളിൽ ചുമടെടുക്കുന്നവർ വീടുകളിൽ പോയിട്ട് ആഴ്ചകളായി. പഴകുറ്റിയിലെയും പാറയ്‌ക്കാറയിലെയും മുഖ്യ ഗോഡൗണുകളിൽ അമ്പതോളം തൊഴിലാളികളാണ് സ്വന്തം വീടുമായി സമ്പർക്കമില്ലാതെ ജോലിയിൽ മുഴുകിയിരിക്കുന്നത്.
സപ്ലൈകോയുടെ കാലടി, കഴക്കൂട്ടം എന്നീ പ്രധാന ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്ന പഴകുറ്റി വെയർ ഹൗസിംഗ് ഗോഡൗണിൽ ഓരോ റേഷൻ കടകൾക്കും വെവ്വേറെ തൂക്കിക്കയറ്റണമെന്ന ഭാരിച്ച ഉത്തരവാദിത്തം കൂടി ചുമട്ടു തൊഴിലാളികൾ നിറവേറ്റുന്നുണ്ട്. തൊഴിൽ നിയമത്തിൽ കയറ്റ്, ഇറക്ക് ജോലി മാത്രമേ വ്യവസ്ഥ ചെയ്തിട്ടുള്ളു എന്നതാണ് വസ്തുത. എന്നാൽ, ഭക്ഷ്യസുരക്ഷ നിയമം വന്നതോടെ റേഷൻകട ഉടമകളെ സാക്ഷ്യപ്പെടുത്തി പടിക്കൽ തൂക്കിയിറക്കണമെന്ന് കോടതി ഉത്തരവുള്ളതാണ്. അളന്നു തൂക്കാനുള്ള തൊഴിലാളികളെ കരാറുകാരൻ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.നിലവിലെ സാഹചര്യത്തിൽ പരാതിക്കും പരിഭവത്തിനും നിൽക്കാതെ അധിക ചുമതലയും തൊഴിലാളികൾ നിർവഹിക്കുന്നുണ്ട്.