ചിറയിൻകീഴ്: കൊവിഡ് 19 വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചിറയിൻകീഴ് മണ്ഡലത്തിൽ പൂർത്തിയായതായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ സേവനങ്ങളോടൊപ്പം എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലും നോൺ കൺവെൻഷണൽ ഡിസീസ് ഒ.പി ആരംഭിക്കും. ഇതിനായി 52 ലക്ഷം രൂപയുടെ ഉപകരണങ്ങളും മെഡിസിനുകളും ലഭ്യമാക്കും.
നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിനായി തോന്നയ്ക്കൽ എ.ജെ. കോളേജ്, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ്, ആറ്റിങ്ങൽ കോളേജ്, രാജധാനി കോളേജ് എന്നിവ തയ്യാറാക്കും. കഴിഞ്ഞ മാസം മണ്ഡലത്തിൽ 2500 പേർ ഹോം ക്വാറന്റൈനിലുണ്ടായിരുന്നെങ്കിലും ഇന്ന് 75 പേർ മാത്രമാണുളളത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി പെരുമാതുറ ഹെൽത്ത് സെന്ററിന് 15 ലക്ഷം രൂപ ചെലവഴിച്ച് ആംബുലൻസ് നൽകി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് വെന്റിലേറ്റർ സൗകര്യമുളള ആംബുലൻസ് ഈ ആഴ്ചയോടെയെത്തും. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ദിവസേന 2500ലധികം പേർ‌ക്ക് ഭക്ഷണം നൽകുന്നതോടൊപ്പം ജനകീയ ഹോട്ടലിന്റെ പ്രവർത്തനവും നടക്കുന്നതായി അദ്ദേഹം അറിയിച്ചു.