അബുദാബി: മലയാളികൾ ഏറ്റവും കൂടുതലുള്ള യു.എ.ഇയിൽ 479 പേർക്കുകൂടി ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 6,781 ആയി. അതേസമയം ഇന്ന് 98 പേർക്ക് രോഗം ഭേദമായതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ആകെ രോഗം ഭേദമായവർ 1,286 ആണ്.
ഇന്ന് നാല് പേർ മരിച്ചതോടെ മരണ നിരക്ക് 41 ആയി. കൊവിഡ് നേരത്തെ കണ്ടെത്തുന്നതിനായി യു.എ.ഇ 14 ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിച്ചുവരുന്നു. രാജ്യത്തുടനീളം പുതിയ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിദിനം 7,100 പേരെ ടെസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
ആശുപത്രികളിലും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലുമടക്കം ദിവസവും 10,000 ടെസ്റ്റുകൾ നടത്താനുള്ള ശേഷി രാജ്യത്തിനുണ്ട്. കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങളും യു.എ.ഇ ആരംഭിച്ചു. എല്ലാ റെസിഡൻസി വിസകളും എൻട്രി പെർമിറ്റുകളും എമിറേറ്റ്സ് ഐ.ഡികളും 2020 അവസാനം വരെ സാധുവായി തുടരുമെന്ന് യു.എ.ഇ സർക്കാർ അറിയിച്ചു.