നെടുമങ്ങാട്: വിവാഹസദ്യക്കായി കരുതിയിരുന്ന തുക കമ്മ്യൂണിറ്റി കിച്ചണിന് കൈമാറി ഇൻഫോസിസ് ജീവനക്കാരായ വധൂവരന്മാർ മാതൃകയായി. നെടുമങ്ങാട് മേലാംകോട് സോപാനത്തിൽ ശ്രീകണ്ഠന്റെയും അദ്ധ്യാപിക വി.എസ് ബിന്ദുവിന്റെയും മകൾ ആമിയും ചെമ്പഴന്തി അണിയൂർ സാന്ത്വനത്തിൽ സന്തോഷ്‌കുമാറിന്റെയും അജിതയുടെയും മകൻ അഭിജിത്തുമാണ് കൊവിഡ് 19 പ്രതിരോധത്തിൽ മാതൃക കാട്ടിയത്. കഴിഞ്ഞ 4 ന് നിശ്ചയിച്ചിരുന്ന വിവാഹം കൊവിഡ് ബാധയെ തുടർന്ന് ആദ്യം മാറ്റിവച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ 11 ന് വധൂഗൃഹത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ നടത്തുകയായിരുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു നടന്ന താലികെട്ട് ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ സുരേഷ്‌കുമാർ, പി.ഹരികേശൻ നായർ എന്നിവരും വധൂവരന്മാരുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം ഇരുവരും ചേർന്ന് സദ്യയ്ക്ക് കരുതിയിരുന്ന 25,000 രൂപ നഗരസഭ ചെയർമാനു കൈമാറി.