ഡേറ്റ ഈസ് ദ ന്യൂ ഓയിൽ. ഇതറിയാത്തവരല്ല ഡേറ്റയുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും. പക്ഷേ സ്പ്രിൻക്ളർ എന്ന അമേരിക്കൻ കമ്പനിയുടെ പ്രലോഭനത്തിൽ പിണറായി വിജയൻ അതെല്ലാം മറന്നു. സി.പി.എമ്മിന്റെ കപടമുഖമാണ് ഈ വിഷയത്തിൽ വീണ്ടും തെളിഞ്ഞത്.
കൊവിഡ് മഹാമാരിയുടെ പേരിലാണ് വിദേശകമ്പനിക്ക് കേരളീയരുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് എന്നത് മരണവീട്ടിൽ മോഷണം നടത്തുന്നതു പോലെ നികൃഷ്ടമാണ്. സ്പ്രിൻക്ളർ ഇടപാടിലെ അഴിമതിയെക്കുറിച്ച് മാത്രമല്ല, അടുക്കള വഴി കയറിയ ഈ സ്ഥാപനത്തിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചും കഴിഞ്ഞ 10 ന് ഞാൻ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് മലയാളികൾ അറിഞ്ഞത്. ദിനംപ്രതി മാധ്യമങ്ങളെക്കണ്ട് ഉറുമ്പിന്റെ തീറ്റക്കാര്യം വരെ പറഞ്ഞ് കരുതൽ മനുഷ്യനായി വേഷമിടുന്ന മുഖ്യമന്ത്രി അതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞുമാറി. ഐ.ടി.വകുപ്പ് ആകട്ടെ വൈരുധ്യങ്ങൾ നിറഞ്ഞ വിശദീകരണക്കുറിപ്പിറക്കി. തൊട്ടടുത്ത ദിവസം മുഖ്യൻ എഴുതിക്കൊണ്ടുവന്ന പ്രസ്താവന വായിച്ചു. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചതോടെ കരുതൽ മനുഷ്യന് സമനില തെറ്റി.
എല്ലാ നുണകളും പൊളിഞ്ഞപ്പോൾ ഐ.ടി സെക്രട്ടറി കുറ്റസമ്മതവുമായി എത്തിയിരിക്കുകയാണ്. ഇൗ ശ്രമം രാഷ്ട്രീയ യജമാന്മാരെ സംരക്ഷിക്കാനാണെന്ന് വ്യക്തം. അദ്ദേഹം സമ്മതിച്ച പിഴവുകൾ ഇതാണ്: കേരളത്തിൽ കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ലക്ഷത്തിലേറെപ്പേരുടെ വിവരങ്ങൾ സ്പ്രിൻക്ളറിന് കൈമാറിയിട്ടുണ്ട്. ഇവരുമായി കരാർ ഒപ്പിടുന്നതിന് മുമ്പാണിത്. ഈ തട്ടിപ്പ് പുറത്തു വന്നതിനു ശേഷമാണ് സർക്കാർ നോൺഡിസ്‌ക്ളോഷർ എഗ്രിമെന്റ് ഒപ്പിടുന്നത്. ഡേറ്റ ഇന്ത്യയിലെ സെർവറുകളിലായിരിക്കും സൂക്ഷിക്കുകയെന്നതിന് രേഖാമൂലം ഉറപ്പു വാങ്ങിയത് ആരോപണമുയർന്നതിനു ശേഷമാണ്. രാജ്യാന്തര കരാർ ആയിട്ടും ഇത് നിമയവകുപ്പിനെ കാണിച്ചിട്ടില്ല. സ്പ്രിൻക്ളർ കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഐ.ടി. സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ്. ഈ കുറ്റസമ്മതം മാത്രം മതി എന്താണു നടന്നതെന്ന് മനസിലാകാൻ.
എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നു പറഞ്ഞ് മാമാങ്കത്തിലെ ചാവേറിനെപ്പോലെ ചാടിയിറങ്ങിയ ഐ.ടി സെക്രട്ടറി കേരളത്തിലെ ബ്യൂറോക്രസിയുടെ ദയനീയാവസ്ഥയും വെളിവാക്കുന്നു. പൊളിറ്റിക്കൽ എക്സിക്യുട്ടീവിനും സാദാ എക്സിക്യുട്ടീവിനും ജനാധിപത്യത്തിൽ അതിപ്രധാന പങ്കുണ്ട്. അത് പരസ്പരപൂരകങ്ങളുമാണ്. രാഷ്ട്രീയ യജമാന്മാർ പറയുന്ന ഏത് കൊള്ളയ്ക്കും ഒപ്പുചാർത്തുകയല്ല ഉദ്യോഗസ്ഥരുടെ ജോലി. തങ്ങളുടെ സ്വകാര്യമായ ചില ഇംഗിതങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെങ്കിൽ അത് നടപ്പിലാക്കും മുമ്പ് റൂൾസ് ഒഫ് ബിസിനസ് എങ്കിലും വായിച്ചുനോക്കേണ്ട? അത് അറിയാത്തയാളല്ല, പത്തു മുപ്പതുകൊല്ലം സർവീസുള്ള ഐ.ടി സെക്രട്ടറി. പക്ഷേ, അമേരിക്കൻ കമ്പനിയുമായുള്ള കരാർ നടപടിക്രമം പാലിച്ച് നിയമവകുപ്പിന് വിട്ടാൽ ഉദ്ദേശിച്ച കച്ചവടം പൂട്ടും. ഡേറ്റ രംഗത്തു പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ടതു കിട്ടില്ല.
സ്പ്രിൻക്ളറുമായി നോൺ ഡിസ്‌ക്ളോഷർ എഗ്രിമെന്റിമെന്റുണ്ടെന്നും ഡേറ്റ ഇന്ത്യയിലെ സെർവറുകളിലാണ് സൂക്ഷിക്കുന്നതെന്ന് പർച്ചേസ് ഓർഡറിലുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുമ്പോൾ ഇത്തരമൊരു എഗ്രിമെന്റ് ഇല്ലായിരുന്നുവെന്നതാണ് വസ്തുത. രഹസ്യങ്ങൾ പുറത്തായപ്പോഴേക്കും ഉപജാപകർ തിരക്കഥ തയ്യാറാക്കിയിരുന്നു. പക്ഷേ അങ്കലാപ്പിനിടെ ഇത് വേണ്ട രീതിയിൽ രേഖപ്പെടുത്താൻ മറന്നു. അങ്ങനെ പറ്റിപ്പോയ മറ്റൊന്നാണ് കമ്പനിയുടെ ലെറ്റർ ഹെഡിൽ തയ്യാറാക്കിയ കരാർ. കേരള സർക്കാർ ഒപ്പിടുന്ന കരാർ എന്നു പറയുന്ന രേഖ സ്പ്രിൻക്ളറിന്റെ ലെറ്റർ ഹെഡിൽ! രാഷ്ട്രീയ വിദ്യാർത്ഥികൾ ഈ രേഖയുടെ ഒരു കോപ്പി സൂക്ഷിച്ചു വയ്ക്കണം. കേരളത്തിലെ ഭരണസംവിധാനത്തിലെ അപഹാസ്യമായ ചരിത്രരേഖയായിരിക്കും ഇത്.
പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച ശേഷം സർക്കാർ തട്ടിക്കൂട്ടിയ രേഖകൾ വിശ്വാസയോഗ്യമല്ല. ഇതു സംബന്ധിച്ച് ഐ.ടി. സെക്രട്ടറിയെ മാറ്റി നിർത്തി വിശദമായ അന്വേഷണം വേണം. സ്പ്രിൻക്ളർ കമ്പനിയുമായുള്ള കരാർ റദ്ദാക്കി സംസ്ഥാന സർക്കാറിനു കീഴിലുള്ള ഐ.ടി. ഏജൻസികളിലൊന്നിനെക്കൊണ്ട് പകരം സംവിധാനം തയ്യാറാക്കണം. ഇതൊന്നും ചെയ്യാനുള്ള ശേഷി ഐ.ടി മിഷനില്ല എന്ന വിശദീകരണം പരിഹാസ്യമാണ്. രണ്ടു പ്രളയങ്ങൾ കഴിഞ്ഞിട്ടും നിപ്പ പോലെ ഒരു പകർച്ച വ്യാധി വന്നിട്ടും ഡേറ്റ വിശകലനത്തിന് സംവിധാനമൊരുക്കാത്തത് ആർക്കു വേണ്ടിയാണ്?
ആധാറിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെ സ്വാഗതം ചെയ്ത് 2017 ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ഇതാണ്. ''ആധാറിനായി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വിദേശകമ്പനികളും സ്വകാര്യ കുത്തകകളുമാണ്. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.''
കൊവിഡിന് എതിരെ ഒന്നിച്ചു പൊരുതാം. മുഖമറയാകാം, പക്ഷേ പുകമറ അനുവദിച്ചു തരാൻ ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തിന് സാധിക്കില്ല.