ബാലരാമപുരം: കൊവിഡ് ഭീതിയിൽ ജനം ജാഗ്രതയിൽ കഴയുമ്പോൾ ഏകയായി ജീവിതം തള്ളി നീക്കുകയാണ് പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ താമസിക്കുന്ന 70 വയസ്സുകാരി വിജയമ്മ. ഭർത്താവും ഏക മകളും വർഷങ്ങൾക്ക് മുമ്പ് മരിച്ചതോടെ വിജയമ്മയുടെ ജീവിതം നരക തുല്യമായി. ഷീറ്റ് മേഞ്ഞ നാല് സെന്റ് വീട്ടിലാണ് താമസം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ഇത്രയും നാൾ ജീവിതം തള്ളി നീക്കിയത്. പ്രാഥമികകാര്യങ്ങൾ പോലും നിർവ്വഹിക്കുന്നത് മുറിക്കകത്ത് തന്നെ. കൊടിയ ദുർഗന്ധം കാരണം ഭക്ഷണം പോലും എത്തിക്കാൻ പറ്റാത്ത അവസ്ഥയായി. ചെറുമക്കൾ ഉണ്ടെങ്കിലും തിരിഞ്ഞ് നോക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം വിജയമ്മക്ക് സംരക്ഷണമൊരുക്കാൻ ബാലരാമപുരം സീനിയർ സിറ്റിസൺസ് ചെയർമാൻ ബാലരാമപുരം അൽഫോൺസും പൊലീസ് പി.ആർ.ഒ ഭുവനേന്ദ്രനും വീട്ടിലെത്തുകയായിരുന്നു. വാർഡ് മെമ്പർ അംബികാദേവി, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, സീനിയർ സിറ്റിസൺസ് വൈസ് ചെയർമാൻ ശിവന്തകരാജൻ, എ.ഡി.സി രാഗിണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ വൃദ്ധയുടെ സംരക്ഷണച്ചുമലത വിഴിഞ്ഞം, ഐത്തിയൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന ചെറുമക്കളെ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അവശനിലയിലായ വൃദ്ധയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച് പുനർജനി സേവാകേന്ദ്രം പ്രസിഡന്റ് ഷാ സോമസുന്ദരവും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ വീട്ടിൽ അവശനിലയിൽ കഴിയുന്ന വിജയമ്മക്ക് ഭക്ഷണമുൾപ്പടെ എല്ലാവിധ സഹായവും എത്തിക്കുമെന്ന് പൂങ്കോട് കാരുണ്യ ഫൗണ്ടേഷൻ സെക്രട്ടറി സി.ആർ.എസുനു അറിയിച്ചു.