km-shaji
KM shaji

തിരുവനന്തപുരം: കെ.എം.ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാനുള്ള സർക്കാർ തീരുമാനം അദ്ദേഹത്തെ പോലും സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചില്ലെന്ന് കോൺഗ്രസ് എം.എൽ.എമാർ.

ഷാജിക്കെതിരായ കേസിന്റെ അന്വേഷണാനുമതി അണ്ടർസെക്രട്ടറി തലത്തിലാണ് കൈകാര്യം ചെയ്തതെന്നും തനിക്കും ലെജിസ്ലേച്ചർ ഓഫീസിനും പ്രത്യേകമായൊന്നും ചെയ്യാനില്ലെന്നുമുള്ള സ്‌പീക്കറുടെ നിലപാട് ദൗർഭാഗ്യകരവും നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ഹനിക്കുന്നതാണെന്നും എം.എൽ.എമാരായ വി.ഡി സതീശൻ, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെ.എസ്.ശബരീനാഥൻ, എ.പി അനിൽകുമാർ, അൻവർ സാദത്ത് എന്നിവർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

ജനപ്രതിനിധികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും വ്യക്തിവിരോധത്തോടും രാഷ്ട്രീയ പകപോക്കലോടും പ്രതികാരബുദ്ധിയോടും കൂടിയ വ്യവഹാരങ്ങൾ ഉണ്ടായേക്കാം. അതിനാൽ അവർക്കെതിരെ കേസ് വരുമ്പോൾ ഉദാസീനത കാട്ടരുതെന്നും നിയമപരമായ സൂക്ഷ്‌മപരിശോധന നടത്തി മാത്രമേ അനുമതി നൽകാവൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഷാജിയുടെ കാര്യത്തിൽ അതുണ്ടായില്ലെന്ന് മാത്രമല്ല,​ കള്ളക്കേസെടുക്കാനുള്ള വാദമുഖങ്ങൾക്ക് താഴെ കൈയൊപ്പ് ചാർത്തുകയാണ് സ്‌പീക്കർ ചെയ്തത്. സാധാരണ ഇത്തരം തീരുമാനങ്ങളെടുത്താൽ ബുള്ളറ്റിൻ വഴി സഭാംഗങ്ങളെ അറിയിക്കും. എന്നാൽ,​ സർക്കാർ കേസെടുക്കാൻ തീരുമാനിച്ചെന്ന വാർത്ത വന്നപ്പോൾ മാത്രമാണ് സ്‌പീക്കറുടെ ഓഫീസിൽ നിന്നും മാർച്ച് 13ന് അനുമതി കൊടുത്ത കാര്യം പുറത്തുവിട്ടതെന്ന് എം.എൽ.എമാർ കുറ്റപ്പെടുത്തി.