covid

പനാജി: ഗോവയിൽ നിന്നൊരു സന്തോഷ വാർത്ത. അവസാന കൊവിഡ് രോഗിക്കും സുഖമായി. ഏപ്രിൽ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അഭിമാനത്തോടെ പറഞ്ഞു.

സംസ്ഥാനത്തിന് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ നേട്ടത്തിന്റെ അർഹത ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമാണ്. ഏഴ് കൊവിഡ് പോസ്റ്റീവ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നെ രോഗം പടരാതെ കാത്തു - അദ്ദേഹം സന്തോഷത്തോടെ പറയുന്നു.

എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 15,712 ആയി. 27 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ചവരുടെ എണ്ണം 507 ആയി.

12,974 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 2,230 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികൾ. 328 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതർ 3,651 ആയി. രോഗം ബാധിച്ച കൂടുതൽ രോഗികളുള്ള മറ്റ് സംസ്ഥാനങ്ങൾ ഇവയാണ്. ഡൽഹി- 1,893, മദ്ധ്യപ്രദേശ്- 1,407, ഗുജറാത്ത്- 1,376, തമിഴ്നാട്- 1,372.