കോവളം: മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീൻ ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ പേരിൽ മത്സ്യഫെഡിന് നൽകണമെന്നും വില മത്സ്യഫെഡ് തീരുമാനിക്കുമെന്നുമുള്ള സർക്കാരിന്റെ നിർബന്ധബുദ്ധി വിഴിഞ്ഞത്തും പരിസരത്തും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെെന്ന് എം. വിൻസെന്റ് എം.എൽ.എ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. മത്സ്യ ലേലത്തിൽ ആൾക്കൂട്ടമുണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടും പൊലീസും മത്സ്യഫെഡ് അധികൃതരും മത്സ്യ ലേലം തടയുന്നത് തീരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടപടി മൂലം സംഘർഷാവസ്ഥ ഉണ്ടായതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതിരിക്കുകയാണ്. ആൾക്കൂട്ടം ഉണ്ടാകുന്നതാണ് ലേലം തടയുന്നതിനുള്ള കാരണമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കൂട്ടം നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും പ്രാദേശികമായി സ്വീകരിച്ചിട്ടുണ്ട്. ചില ഗൂഢ ഉദ്ദേശ്യങ്ങളോടെയാണ് സർക്കാർ വിഴിഞ്ഞത്ത് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നുള്ളത് വ്യക്തമാണ്. മത്സ്യമേഖലയിൽ സർക്കാർ പുറത്തിറക്കാൻ പോകുന്ന ഓർഡിനൻസിലെ കാര്യങ്ങളാണ് കൊവിഡിന്റെ മറവിൽ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും എം.എൽ.എ ആരോപിച്ചു. പരമ്പരാഗതമായതും മത്സ്യത്തൊഴിലാളികൾക്ക് സ്വീകാര്യവുമായ നിലവിലെ മത്സ്യ വിപണനരീതി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും ചർച്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.