തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന് ഇന്ന് മുതൽ ഇളവുണ്ടെങ്കിലും ശുചിത്വവും സ്വയംനിയന്ത്രണങ്ങളും പാലിക്കുന്നതിന് ഇളവ് പാടില്ല.
കൊവിഡ് 1 9നെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇനിയും ജാഗ്രത തുടരണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. രണ്ട് വ്യക്തികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകൾ കഴുകണം. കൈകൾ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്. ഇതേ ജാഗ്രത തുടർന്നാൽ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാൽ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നൽകേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകൾ ഉപയോഗിക്കുന്നത്. തുണികൊണ്ടുള്ള മാസ്‌ക്, സർജിക്കൽ മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക്, എൻ. 95 മാസ്‌ക് എന്നിങ്ങനെ റിസ്‌ക് അനുസരിച്ചാണ് ഓരോ മാസ്‌കും തിരഞ്ഞെടുക്കേണ്ട്. ട്രിപ്പിൾ ലെയർ മാസ്‌ക്, എൻ. 95 മാസ്‌ക് എന്നിവ ആശുപത്രി അനുബന്ധ ജീവനക്കാർ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.
മാർഗനിർദേശങ്ങൾ
*കോട്ടൺ തുണികൊണ്ടേ തുണി മാസ്‌ക് നിർമ്മിക്കാൻ പാടുള്ളൂ.
* മാസ്‌കിന് രണ്ട് പാളികളുണ്ടായിരിക്കണം. തടസമില്ലാതെ ശ്വസിക്കാൻ കഴിയണം.
* തുണി മാസ്‌കിന്റെ പ്ലീറ്റുകൾ താഴേക്ക് വരുന്ന വിധത്തിൽ വായും മൂക്കും നല്ലവണ്ണം മറയുന്ന വിധത്തിൽ രണ്ട് സെറ്റ് വള്ളികൾ ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ ശരിയായി കെട്ടണം.
*ഓരോ ഉപയോഗത്തിന് മുമ്പും സോപ്പ് ഉപയോഗിച്ച് കഴുകിവെയിലത്തുണക്കി ഇസ്തിരിയിടണം.
* മാസ്‌ക് ധരിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
*ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകൾ ധരിക്കരുത്.
* അധികം മാസ്‌കുകൾ കൈയ്യിൽ കരുതണം.
* കൊവിഡ് സംശയിക്കുന്ന വ്യക്തികൾ തുണി മാസ്‌ക് ഉപയോഗിക്കരുത്.
*മാസ്‌കിൽ. അബദ്ധവശാൽ സ്പർശിച്ചാൽ കൈകൾ കഴുകണം.
*രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് തുണി മാസ്‌ക് കെട്ടരുത്.
* ആറു മണിക്കൂറിൽ അധികം തുണി മാസ്‌ക് ധരിക്കാൻ പാടില്ല.
* മാസ്‌ക് ലഭിക്കാത്ത സന്ദർഭങ്ങളിൽ തൂവാലകളും ഉപയോഗിക്കാം.