തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചതിനെ തുടർന്ന് ഇന്നലെ തുറന്ന മൊബൈൽ ഫോൺ,​ ഇലക്ട്രോണിക്സ് കടകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ചകളിൽ മാത്രമാണ് ഈ കടകൾ തുറക്കാൻ അനുമതിയുള്ളത്. തലസ്ഥാനത്തെ പ്രധാന കടകളിലെല്ലാം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കൂട്ടമായി തന്നെ ആളുകളെത്തി. തകരപ്പറമ്പിലെ മൊബൈൽ ഫോൺ കടകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. കമ്പ്യൂട്ടർ കടകളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഉച്ചയോടെ തിരക്ക് കുറഞ്ഞെങ്കിലും വെയിൽ കുറഞ്ഞതോടെ വീണ്ടും ആളുകളെത്തി. കമ്പ്യൂട്ടർ മുതൽ വീട്ടുപകരണങ്ങൾ വരെയുള്ളവയുടെ അറ്റകുറ്റപ്പണികൾക്കാണ് വലിയൊരു ശതമാനമാളുകൾ കടകളിലെത്തിയത്. പുതിയ സിമ്മുകൾ വാങ്ങാനും ആളുകളെത്തി. മിക്ക കടകളിലും ആവശ്യക്കാ‌ർ സാമൂഹിക അകലം പാലിച്ചില്ല. ജീവനക്കാ‌ർ മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അനുസരിച്ചില്ലെന്നും പരാതിയുണ്ട്. പലയിടത്തും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.