ഏഴു ജില്ലകളിൽ സർക്കാർ ഓഫീസുകൾ ഇന്നു മുതൽ
മൂന്നിടത്ത് 24 മുതൽ നാലു ജില്ലയിൽ നിയന്ത്രണം തുടരും
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനിടെ അനുവദിച്ച ആദ്യഘട്ട ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച്, രോഗമുക്തിയുടെ തോത് വിലയിരുത്തി പച്ച വിഭാഗത്തിൽപ്പെടുത്തിയ കോട്ടയം, ഇടുക്കി, ഓറഞ്ച്- ബി മേഖലയിലുള്ള തിരുവനന്തപുരം, ആലപ്പുഴ, വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിൽ നിലനിന്ന നിയന്ത്രണങ്ങളിലാണ് ഭാഗിക ഇളവ്. ഈ ഏഴു ജില്ലകളിൽ മാത്രമാണ് സർക്കാർ ഓഫീസുകൾ ഇന്ന് വീണ്ടും തുറക്കുക.
സർക്കാർ ഓഫീസുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള തീയതി സംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവിലെ അവ്യക്തതകൾ നീക്കി സംസ്ഥാന സർക്കാർ ഇന്നലെ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുഗതാഗതം ഒഴികെ മറ്റു സേവനങ്ങൾ നിയന്ത്രിത തോതിൽ അനുവദിക്കുമെങ്കിലും കൊവിഡിൽ നിന്ന് മുക്തിനേടിയ കോട്ടയം, ഇടുക്കി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക് അനുവദിക്കുന്ന നടപടികൾക്ക് നാളെയാണ് തുടക്കമാകുക. ഇളവുകൾ 24 മുതൽ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിലും നടപ്പാക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിലവിലുളള നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും.മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗൺ.
ഇളവുകൾ ഇങ്ങനെ
വാഹനങ്ങൾ
പൊതുഗതാഗതം ഇല്ല, ടാക്സി, ആട്ടോറിക്ഷ എന്നിവയുമില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. രജിസ്ട്രേഷൻ നമ്പറുകൾ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിലുള്ളവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അനുവദിക്കും. നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും, തുറന്നു പ്രവർത്തിക്കാൻ നേരത്തെ തന്നെ അനുമതി ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല.
ഓഫീസുകൾ
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തിങ്കൾ മുതൽ വെള്ളി വരെ. പൊലീസ്, ആരോഗ്യം, ഫയർഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി അവശ്യ സർവീസുകളിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. മറ്റു വകുപ്പുകളിൽ മൂന്നിലൊന്ന് ജീവനക്കാർ. ഐ.ടി സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ.
കടകൾ
പച്ചക്കറി, പലചരക്ക് കടകൾ, റേഷൻകടകൾ, ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
നിർമ്മാണ മേഖല
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാം. പുറത്തു നിന്ന് തൊഴിലാളികളെ എത്തിക്കരുത്. ഭക്ഷ്യോത്പന്നങ്ങളുടെ നിർമ്മാണം, പായ്ക്കിംഗ്, കൃഷി ജോലികൾ ആകാം.
ബാങ്ക്, എ.ടി.എം
ബാങ്കുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ 4 വരെ.
എ.ടി.എം, പോസ്റ്റ് ഓഫീസ്, പെട്രോൾ- സി.എൻ.ജി പമ്പുകൾ, ആശുപത്രികൾ, ലാബോറട്ടറികൾ, മെഡിക്കൽ ഉപകരണ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കും.
മറ്റുള്ളവ
ഇലക്ട്രിഷ്യൻ, പ്ലംബർ, മോട്ടോർ മെക്കാനിക്കുകൾ, മരപ്പണിക്കാർ, കൊറിയർ സർവീസ്, കേബിൾ, ഡി.ടി.എച്ച് തൊഴിലാളികൾക്ക് പ്രവർത്തിക്കാം.
അരി, എണ്ണയാട്ടു മില്ലുകൾ, ഫാമുകൾ, ക്ഷീര സഹകരണ സംഘം എന്നിവ പ്രവർത്തിക്കും
കീഴ്ക്കോടതികൾ പ്രവർത്തനമാരംഭിക്കും
ഉത്സവം, തിയേറ്റർ, മാൾ, ബാർ,സ്‌കൂളുകൾ, കോച്ചിംഗ് സെന്ററുകൾ, അങ്കണവാടികൾ പാടില്ല