covid

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 13 പേർ കൂടി രോഗമുക്തി നേടി. കാസർകോട് എട്ട് പേരുടെയും കണ്ണൂരിൽ മൂന്ന് പേരുടേയും മലപ്പുറത്തും തൃശൂരും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതോടെ 270 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 129 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്നലെ രണ്ടു പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇവർ കണ്ണൂരും കാസർകോട്ടുമുള്ളവരാണ്. കണ്ണൂരിലുള്ളയാൾ അബുദാബിയിൽ നിന്നും കാസർകോടുള്ളയാൾ ദുബായിൽ നിന്നും വന്നതാണ്.

വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലുമാണ്. 72 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 18,547 ഫലങ്ങൾ നെഗറ്റീവാണ്.