തിരുവനന്തപുരം: ലോറിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ചുഴലി രോഗം കാരണം വീണു പരിക്കേറ്റ് ആശുപത്രിയിലായ ഡ്രൈവറുടെ ബന്ധുക്കളെ അതിർത്തി കടത്തിവിടാതെ തമിഴ്നാട് പൊലീസ്. ശനിയാഴ്ച രാവിലെ ബാലരാമപുരം എസ്.എൻ ലെയ്നിലെ ബിവറേജ് ഷോപ്പിലേക്ക് മദ്യവുമായെത്തിയ തമിഴ്നാട് വിഴിപ്പുറം സ്വദേശി ആരോഗ്യദാസിനാണ് (63) ലോറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലോഡ് ബാലരാമപുരത്ത് എത്തിച്ച ശേഷം വണ്ടിയിൽ നിന്നിറങ്ങവെ ചുഴലി രോഗം പിടിപെട്ട് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആരോഗ്യദാസിനെ ബിവേറജസ് കോർപ്പറേഷൻ വെയർ ഹൗസിലെ ജീവനക്കാർ പൊലീസിന്റെ സഹായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ ആശുപത്രി അധികൃതർ ആരോഗ്യദാസിന്റെ തമിഴ്നാട്ടിലെ കുടുംബത്തെ വിവരമറിയിച്ചു. ആരോഗ്യദാസിന്റെ മകൻ അരുൺ സേവിയറും ബന്ധുവും മെഡിക്കൽ കോളേജിലേക്ക് കാറിൽ വന്നുകൊണ്ടിരിക്കെ ആരുവാൻമൊഴിയിൽ വച്ച് ലോക്ക് ഡൗൺ പരിശോധനയുടെ ഭാഗമായി പൊലീസ് തടഞ്ഞു. നെയ്യാറ്റിൻകര എക്‌സൈസ് സി.ഐ പി.എൻ. ഷിബുവിന്റെ ഇടപെടലിനെ തുടർന്ന് നാഗർകോവിൽ ജില്ലാ കളക്ടറുടെ അനുമതിയോടെ ഇവർ യാത്ര തുടർന്നു. എന്നാൽ കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിൽ വച്ച് തമിഴ്നാട് പൊലിസ് വീണ്ടും തടഞ്ഞു. തുടർന്ന്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പാറശാല പൊലീസുമായി ബന്ധപ്പെട്ട് വിവരം പറയുകയും അവർ തമിഴ്നാട് പൊലീസിനെ നിജസ്ഥിതി ബോധിപ്പിക്കുകയും ചെയ്ത ശേഷമാണ് ബന്ധുക്കളെ അതിർത്തി കടത്തിവിട്ടത്. ആരോഗ്യദാസിന്റെ നില ഗുരുതരമായതിനാൽ ഐസൊലേഷനിലേയ്ക്ക് മാറ്റി. ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.