cm-

തിരുവനന്തപുരം: സ്‌പ്രിൻക്ളർ കമ്പനിക്ക് കരാർ നൽകിയതിന്റെ എല്ലാ ഉത്തരവാദിത്വവും സംസ്ഥാന ഐ.ടി സെക്രട്ടറി ഏറ്റെടുത്തിട്ടും വിവാദത്തിൽ നിന്ന് പിൻമാറാതെ പ്രതിപക്ഷം. എന്നാൽ വിവാദത്തിന് താത്പര്യമില്ലെന്നും ഇത് അതിനുള്ള സമയമല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി.

കരാറിൽ തെറ്റുണ്ടെങ്കിൽ ജനങ്ങൾ വിലയിരുത്തട്ടെ എന്നാണ് ഇന്നലെ ടി.വി ചാനലിലെ 'നാം മുന്നോട്ട് ' എന്ന പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ നിയമവകുപ്പിന്റെ അനുമതിയുടെ ആവശ്യമില്ലെന്നും മന്ത്രിസഭ പരിഗണിക്കേണ്ട വിഷയമല്ലെന്നും നിയമമന്ത്രി എ.കെ.ബാലനും വ്യക്തമാക്കി. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി സർക്കാർ സ്വീകരിച്ചുവെന്നേയുള്ളൂ എന്ന് വ്യക്തമാക്കി പാർട്ടി നേതാവ് എസ്.രാമചന്ദ്രൻ പിള്ളയും സർക്കാരിന് പിന്തുണ നൽകി.

എന്നാൽ ഐ.ടി സെക്രട്ടറിയെ ബലിയാടാക്കി തലയൂരാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. തിരുത്താതെ വിടില്ലെന്ന് മുസ്ളിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി യും മുന്നറിയിപ്പ് നൽകി.

"ഗവൺമെന്റിന് സൽപ്പേര് കിട്ടാൻ പാടില്ല. ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് നോക്കും. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോൾ അത്തരം വിവാദങ്ങൾക്ക് പിറകെ പോകേണ്ട സമയമല്ല. ജനങ്ങൾ വിലയിരുത്തിക്കൊള്ളും. അതിനെ അവഗണിക്കാനാണ് എന്റെയും സർക്കാരിന്റെയും തീരുമാനം."

മുഖ്യമന്ത്രി പിണറായി വിജയൻ.

"സ്‌പ്രിൻക്ളർ വിഷയത്തിൽ ഐ.ടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല, കരാർ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ല. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ല"

നിയമമന്ത്രി എ.കെ.ബാലൻ.

സ്‌പ്രിൻക്ളർ കരാർ

കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള രോഗികളുടെ ദൈനംദിന വിവരങ്ങൾ, അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവരങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ സമാഹരിച്ച് സിറ്റിസൺസ് എക്സ്പീരിയൻസ് മാനേജ്മെന്റ് എന്ന സോഫ്റ്റ്‌വെയറിലൂടെ ക്രോഡീകരിച്ച് കേരളത്തിന് വേണ്ടി കേന്ദ്രസർക്കാരിനും ദേശീയ ആരോഗ്യമിഷനും ലോകാരോഗ്യസംഘടനയ്ക്കും ആവശ്യമായ വിവരങ്ങൾ ദിവസവും എത്തിക്കുന്ന ജോലിയാണ് സ്‌പ്രിൻക്ളർ ചെയ്യുന്നത്. വിവരങ്ങളും സാഹചര്യങ്ങളും അപഗ്രഥിച്ച് ഒാരോ ദിവസവും എടുക്കേണ്ട മുൻകരുതലുകളും അടുത്ത ദിവസങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങളും വരെ ഇവർ നിർദ്ദേശിക്കും. സംസ്ഥാനസർക്കാർ സൈറ്റിൽ നൽകാതെ നേരിട്ട് വിദേശസ്ഥാപനത്തിന് വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചതാണ് വിവാദത്തിനിടയാക്കിയത്.