പോത്തൻകോട്: അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ കാെണ്ടുപോകുന്നതിനിടെ യുവതി ആട്ടോയിൽ പ്രസവിച്ചു. വിവരമറിഞ്ഞെത്തിയ 108 ആംബുലൻസ് ജീവനക്കാരുടെ ഇടപെടൽ അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി. മംഗലപുരം കാരമൂട് സുധീർ മൻസിലിൽ ഷജിലയാണ് ശനിയാഴ്ച പുലർച്ചെ 5.50 ഒാടെ ആട്ടോയിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. കഠിനമായ വേദനയെ തുടർന്നാണ് ഷജിലയെ ഭർത്താവ് സുധീർ ആട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ 108 ലേക്കും വിളിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ആംബുലൻസ് ആട്ടോയ്ക്ക് സമീപമെത്തിയപ്പോഴേക്കും കുഞ്ഞ് ഏതാണ്ട് പുറത്തുവന്ന അവസ്ഥയിലായിരുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശരത്ത് കുഞ്ഞിനെ പുറത്തെടുത്ത ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി വേണ്ട പരിചരണം നൽകിയ ശേഷം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.