തിരുവനന്തപുരം: സെപ്‌റ്റേജ് മാലിന്യം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി നഗരസഭ ഒരുക്കിയ ഓൺലൈൻ സംവിധാനം വിജയകരം. പദ്ധതി ഒരു വർഷം പിന്നിട്ടതോടെ 4.5 കോടി ലിറ്റർ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. സ്വകാര്യ വ്യക്തികൾ ശേഖരിച്ച് പൊതുജലാശയങ്ങളിലും മറ്റും തള്ളിയിരുന്ന മാലിന്യം നഗരസഭയുടെ സംവിധാനത്തിലൂടെ ശാസ്ത്രീയമായി സംസ്‌കരിച്ചതിലൂടെ മൂന്നു കോടിയോളം രൂപ ഇതുവരെ വരുമാനമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 71 ലക്ഷം രൂപ
എല്ലാ ചെലവും കഴിഞ്ഞ് നഗരസഭയുടെ മാത്രം വരുമാനമാണ്. നേരത്തെ ഈ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ടാങ്കറുകളെയാണ് രജിസ്റ്റർ ചെയ്ത് ഈ സംവിധാനത്തിന്റെ ഭാഗമാക്കിയത്. നിലവിൽ 19 ടാങ്കറുകൾ സെപ്‌റ്റേജ് മാലിന്യം ശേഖരിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ടാങ്കറുകൾക്ക് പ്രത്യേക കളർ പാറ്റേണും നൽകിയിട്ടുണ്ട്. ഇവർക്ക് മാലിന്യം എടുക്കുന്നതിനായി പാസ് അനുവദിക്കുകയാണ് രീതി. ഓൺലൈൻ വഴി ബുക്ക് ചെയ്തവരിൽ നിന്ന് നഗരസഭയുടെ കീഴിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാലിന്യം കൊണ്ടുപോകും. മുട്ടത്തറയിലെ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ചാണ് ഈ മാലിന്യങ്ങൾ സംസ്‌കരിക്കുന്നത്. നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാവുന്നത്. ബുക്ക് ചെയ്യുന്നവർക്ക് മാലിന്യം എടുക്കാനുള്ള തിയതിയും സമയവും നിശ്ചയിക്കാനും അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്കും ഡ്രൈവർമാർക്കും തടസമുണ്ടായാൽ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമുണ്ട്.