തിരുവനന്തപുരം: സ്പ്രിക്ലർ മാതൃകയിൽ വിദ്യാഭ്യാസ വകുപ്പിലും അമേരിക്കൻ കമ്പനിക്ക് സ്‌കൂളുകളെയും അദ്ധ്യാപകരെയും സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ കൈമാറിയതായി ആരോപണം.
അൻവർ സാദത്ത് സി.ഇ.ഒ ആയ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി എജ്യുക്കേഷൻ (കൈറ്റ്) ആണ് ഹൈടെക് സ്‌കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയിലെ വാഷിംഗ്ടൺ ആസ്ഥാനമായ ക്വാൾട്രിക്സ് എക്സ് എം എന്ന കമ്പനിക്ക് കൈമാറിയതെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു. അന്തർദേശീയ തലത്തിൽ വൻ കമ്പനികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർവേ ഏജൻസിയാണിത്. സംസ്ഥാനത്തെ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഫലപ്രാപ്തി പഠനവുമായി ബന്ധപ്പെട്ട 1188 സ്‌കൂളുകളുടെ വിവരങ്ങളാണ് കൈമാറിയത്.
ഇന്റൽ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി അമേരിക്കയിലെ ഒഹിയോ യൂണിവേഴ്സിറ്റിയും കേരള സർവകലാശാലയും ചേർന്നാണ് സർവേ നടത്തുന്നതെന്ന് കൈറ്റ് ഫെബ്രുവരി 12 ന് വിദ്യാഭ്യാസ ഓഫീസർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നു. കൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള സർക്കുലറിൽ സൂചനയായി നൽകിയിരിക്കുന്ന ഗവൺമെന്റ് ഉത്തരവുകളിൽ ഇത്തരമൊരു ബാഹ്യ ഏജൻസിയുടെ സർവേയെക്കുറിച്ചോ, ഹൈടെക് ഫലപ്രാപ്തി പഠനത്തെക്കുറിച്ചോ സൂചിപ്പിക്കുന്നില്ല. ഫെബ്രുവരി 20 ന് സർവേ പൂർത്തിയാക്കണമെന്നും നിർദ്ദേശിക്കുന്നു.
കൈറ്റിലെ കോ-ഓർഡിനേറ്റർമാരോ ജില്ലാതല മാസ്റ്റർ ട്രെയിനർമാരോ അറിയാതെയാണ് ഡേറ്റ വിദേശ സർവേ ഏജൻസിയ്ക്കു കൈമാറിയിട്ടുള്ളത്. ഐ.ടി ഉപകരണങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്താൻ കേരളത്തിൽ തന്നെ ഏജൻസികൾ ഉള്ളപ്പോൾ വിദേശ സർവേ കമ്പനിയുടെയും യൂണിവേഴ്സിറ്റിയുടെയും സഹായം കൈറ്റ് തേടിയത് ദുരൂഹമാണ്.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി എ.സലാഹുദ്ദീനും എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു.