തിരുവനന്തപുരം: പ്രധാൻമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള മൂന്നു മാസ കാലത്തേക്കുള്ള സൗജന്യ പാചക വാതക സിലിണ്ടറുകൾ ലഭ്യമാക്കി തുടങ്ങിയതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. റീഫിൽ സിലിണ്ടറിന്റെ ഏപ്രിൽ മാസത്തെ വില ഉജ്ജ്വൽ ഗുണഭോക്താക്കളുടെ പി.എം.യു.വൈ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്. ആദ്യത്തെ സൗജന്യ സിലിണ്ടർ വാങ്ങാൻ മാത്രമേ തുക വിനിയോഗിക്കാൻ പാടുള്ളൂ.
റീഫിൽ ബുക്കിംഗ് ഐ.വി.ആർ.എസ്, രജിസ്‌റ്റേർഡ് മൊബൈൽ ഫോൺ എന്നിവ വഴിയാണ് നടത്തേണ്ടത്.
പദ്ധതിയിൽ ഇതുവരെ പങ്കാളികളല്ലാത്തവർക്കും കാലിയായ സിലിണ്ടറുകൾ ഉള്ളവർക്കും സ്‌കീമിൽ ചേരാൻ അവസരമുണ്ട്. ആദ്യ സിലിണ്ടറിന്റെ പണം അതിനുവേണ്ടി ഉപയോഗിക്കാത്തവർക്ക് രണ്ടാമത്തെ സൗജന്യ സിലിണ്ടറിനുള്ള പണം, ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതല്ല.