ലോകം മുഴുവൻ, മനുഷ്യരാശി മുഴുവൻ, ലോകചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതെന്ന് പറയാവുന്ന ഒരു ജീവന്മരണപോരാട്ടത്തിലാണ്. ലോകത്തിലെ മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയുടെ വ്യാപനം ഭാരതത്തിൽ കുറവാണ്. കേരളത്തിലെടുത്തുകൊണ്ടിരിക്കുന്ന നടപടികൾ അമേരിക്കയിൽ വരെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നതായറിഞ്ഞു. ഭാരതം പൊതുവെയും ധീരമായ നിലപാടാണ് സ്വീകരിച്ചിട്ടുളളത്.
വരാൻപോകുന്ന സാമ്പത്തിക തകർച്ചയെയും, ഉണ്ടാകാനിടയുളള ഭക്ഷ്യക്ഷാമത്തെയും പറ്റി ഗൗരവപൂർവം നേതാക്കന്മാർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. നമ്മൾ ഇല്ലാതായി തീർന്ന ലോകത്തിലുണ്ടാകുന്ന സാമ്പത്തിക തകർച്ചയ്ക്കും ക്ഷാമത്തിനും എന്തർത്ഥമാണുളളത് ! അതുകൊണ്ട് നമ്മുടെ ജീവൻ നിലനിറുത്തുകയാണ് മുഖ്യം.
എന്നാൽ ഈ ജീവന്റെ സ്ഥിതിയോ? മരണം നിശ്ചയമെന്നു തീർച്ച. അത് ഇന്നാകാം, നാളെയാകാം. കൊറോണ മുഖാന്തിരമാകാം, അല്ലാതെയാകാം. ' തസ്മാത പരിഹാര്യേർത്ഥേനത്വം ശോചിതുമർഹസി ' (അതുകൊണ്ട് പരിഹാരമില്ലാത്തതിന്റെ പേരിൽ ശോകിക്കരുത് ) എന്നാണ് ഗീതോപദേശം.
ജനന മരണങ്ങളിൽകൂടി അനാദിയും അനന്തവുമായി നീണ്ടുപോകുന്ന ജീവിതത്തെ നാരായണഗുരു കണ്ടത് 'അഹോ! നാടകം നിഖിലവും! ' എന്നാണ്. നാടകം ശോകാന്തമാകാം, ശുഭാന്തമാകാം. രണ്ടായാലും അത് നാടകമാണ്. നാടകം ആസ്വദിക്കാനുള്ളതുമാണ്. നാടകം ശോകാന്തമാണെന്നും, അതിലെ കഥാപാത്രങ്ങൾ നമ്മൾതന്നെയാണെന്നും വന്നാലോ? അതുണ്ടാക്കുന്ന വ്യാകുലത വളരെ വലുതായിരിക്കും.
ഇതു നാടകമാണെന്നുള്ള കാര്യംപോലും അപ്പോൾ നമ്മൾ മറക്കും. ഇതു നാടകം മാത്രമാണെന്ന് തിരിയെ നമ്മളെത്തന്നെ നമ്മൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നമ്മൾതന്നെ കഥാപാത്രമായ ഈ നാടകം എങ്ങനെ അഭിനയിക്കണം എന്ന വിവേകമുണ്ടാവും. ഈ വിവേകം നമുക്ക് ഈ യുദ്ധനാടകത്തിൽ നമ്മുടെ പങ്ക് ധീരമായി അഭിനയിക്കാൻ കഴിവുണ്ടാക്കിത്തരും. ' ധീരസ്തത്ര ന മുഹ്യതി (ധീരൻ അവിടെ പതറിപ്പോവുകയില്ല) എന്നാണ് ഉപനിഷത്തുകൾ പഠിപ്പിക്കുന്നത്. അറിവുള്ളവർക്ക് ഉള്ളിൽ ഉണ്ടാവുന്ന ഉറപ്പാണ് ധീരത. അങ്ങനെ ധീരതയോടെ, ആത്മസംയമനത്തോടെ, ഏതു പ്രയാസങ്ങളും സഹിക്കാനുളള സന്നദ്ധതയോടെ, നമുക്ക് ഈ കൊറോണാ ശത്രുവിനെ നേരിടാം. മനുഷ്യൻ വികസിപ്പിച്ചെടുത്ത ഒരു തന്ത്രത്തിനും ശാസ്ത്രത്തിനും ഈ ശത്രു കീഴടങ്ങുന്നില്ല. കീഴടങ്ങാത്ത ശത്രുവിന്റെ മുമ്പിൽ നിന്ന് പിൻവാങ്ങി, ശത്രുവിന് പിടിക്കാനാവാത്ത തരത്തിൽ ഒളിച്ചുകളയുന്നതും ഒരു യുദ്ധതന്ത്രമാണ്. ഈ യുദ്ധതന്ത്രമാണ് കൊറോണയുടെ കാര്യത്തിൽ ഫലപ്രദമെന്ന് വന്നിരിക്കുന്നു. ഈ യുദ്ധതന്ത്രത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന പേരാണ് ' സോഷ്യൽ ഡിസ്റ്റൻസിംഗ് '.
അതിനു വേണ്ടത് ധീരതയോടെയുള്ള ആത്മസംയമനമാണ്. ഒപ്പം നാളെ എന്തു വരുമെന്നതിനെ പറ്റിയുളള ആകുലതയില്ലാതെ, ഇപ്പോൾ ഈ നിമിഷത്തിൽ ചെയ്യേണ്ടത് ചെയ്യാനുള്ള മനക്കരുത്തും. ഫലം എന്തുമായിക്കൊള്ളട്ടെ. അത് സർവനാശമാകാം. മനുഷ്യരുടെ വിവേകത്തിന്റെ വിജയമാവാം. ഓരോ നിമിഷത്തിലും നമുക്ക് വേണ്ടത് ജീവിതത്തെ സംബന്ധിക്കുന്ന അറിവ്. ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണ് എന്ന അറിവ് . ഈ അറിവ് നമുക്ക് ഏതു പ്രതിസന്ധിയിലും ആത്മധൈര്യം തരും. മനസിനെ ശാന്തവും ധീരവുമാക്കും.