അക്ഷര സമൃദ്ധിയുടെ തിരുമുറ്റത്തു നിന്ന് എം.എസ്. രവി വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം. രവിയുടെ സ്നേഹവും കനിവും അനുഭവിച്ചവരിലാകെ ഈ വേർപാട് ഒരാത്മവിലാപമായി തുടരുന്നു. കാരണം ആ അകാലവിയോഗത്തിന്റെ ആഘാതം താങ്ങാൻ രവിയുടെ സുഹൃത്തുക്കൾക്കു കഴിയില്ല. എത്രയോ കാലത്തെ ഇടപഴകലിനിടയിൽ ഒരപശബ്ദമോ ശാഠ്യസ്വരമോ രവിയിൽ നിന്നാർക്കും അനുഭവിക്കേണ്ടിവന്നിട്ടില്ല.
എവിടെയും രവിയുടെ സാന്നിദ്ധ്യം ഉണർത്തിയിരുന്ന പ്രദീപ്തമായ സന്ദർഭങ്ങളുണ്ട്. ഒരു സംഭവം എഴുതാതെ വയ്യ. അന്തരിച്ച ഡോ. ശാന്താമാധവൻ ലയൺസ് പ്രസ്ഥാനത്തിലെ റീജിയണൽ ചെയർപേഴ്സൺ ആയിരിക്കുമ്പോൾ നടന്ന കോൺഫറൻസ് ഓർമ്മ വരുന്നു. ടെക്നോപാർക്കിലെ ഹാളിനകത്തായിരുന്നു കോൺഫറൻസ്. മുഖ്യാതിഥി കേരള ഹൈക്കോടതിയിൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഉഷയും. ജസ്റ്റിസ് ടെക്നോപാർക്കിലെത്തുമ്പോൾ ഹൃദ്യമായ, അഭിമാനകരമായ ഒരു സ്വീകരണത്തോടെ അവരെ വരവേൽക്കണമെന്ന് രവിക്ക് ആഗ്രഹമുണ്ടായിരുന്നു. അന്നത്തെ സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് ജസ്റ്റിസ് ഉഷയ്ക്ക് മൗണ്ടഡ് പൊലീസിനെ നിരത്തി ഒരു 'ഗാർഡ് ഒഫ് ഓണർ" നൽകണമെന്ന താത്പര്യം രവി അദ്ദേഹത്തോടു പറഞ്ഞു. രവി സംസാരിച്ചുകൊണ്ടിരുന്ന ഫോണിലൂടെ തന്നെ അനുകൂലമായ ഉത്തരവ് കമ്മിഷണർ നൽകുകയുണ്ടായി. കാര്യസാദ്ധ്യത്തിനായി സ്വന്തം സ്വാധീനം പ്രയോജനപ്പെടുത്താത്തതാണ് രവിയുടെ വ്യക്തിത്വമെന്നു പൊലീസ് കമ്മിഷണർ മനസിലാക്കിയിരുന്നു.
'തുമ്പ പൂത്താൽ ഓണവും കൊന്ന പൂത്താൽ കണിയുമാണ് " എന്നൊരു ചൊല്ലുണ്ട് മലയാളത്തിനും മലയാളിക്കും. സ്വന്തം താത്പര്യങ്ങൾ കൂട്ടിച്ചേർക്കാതെ, ശൂന്യാത്മകമായ ഏച്ചുകെട്ടലുകൾ തിരസ്കരിച്ച് വാർത്തകളുടെ തനിസ്വരൂപം അച്ചിട്ട് വായനക്കാർക്ക് നൽകുന്നതാണ് കേരളകൗമുദിയുടെ പ്രത്യേകത. അവിടെ നിന്നുള്ള പ്രസിദ്ധീകരണങ്ങളും പുതിയതായി തുടങ്ങിയ കൗമുദി ചാനലും ജനങ്ങളുടെ മുമ്പിലെത്തുമ്പോൾ കൊന്നയും തുമ്പയും ഒന്നിച്ചു പൂക്കുന്ന സവിശേഷമായ ഒരു ചൈതന്യമുണ്ട്. അതിന്നും നിലനില്ക്കുന്നു. എക്കാലത്തെയും മഹാനായ പത്രാധിപർ എന്നു വിളിച്ചാദരിക്കപ്പെടുന്ന കെ. സുകുമാരന്റെ ഇളയ മകന്, കുഞ്ഞുമോൻ എന്ന എം.എസ്. രവിക്ക് ആദർശപരമായ ആ പാരമ്പര്യം എല്ലാപേരിലും നിലനിറുത്താനായി. രവിയിൽ സൗമ്യതയുടെ ചക്രവാളം കണ്ടുനിന്ന കേരളകൗമുദി സ്ഥാപനത്തിലെ സകല ജീവനക്കാരുടെയും കർമ്മസമർപ്പണമായിരുന്നു അതിന്റെ പ്രതിഫലനം. വളരെ വിടരാത്ത രവിയുടെ ചിരിയും വളരെ ഉയരാത്ത രവിയുടെ ശബ്ദവും വളരെ ഉയർന്ന സമസൃഷ്ടിദർശനവും ഒരു മഹാപൈതൃകം നൽകിയ സംസ്കൃതിയാണെന്ന ബോധം അദ്ദേഹത്തിനു എപ്പോഴുമുണ്ടായിരുന്നു.
കൂട്ടുകാരുമായുള്ള ഒത്തുചേരലുകൾ രവിയുടെ ഹാർദ്ദവവേളകളായിരുന്നു. വെള്ളാരം കല്ലുകളെ തഴുകിപ്പോകുന്ന നീരൊഴുക്കിന്റെ ശ്രുതി കേട്ടിരിക്കും. എത്രനേരം വേണമെങ്കിലും. ശുചീന്ദ്രം ക്ഷേത്രത്തിലെ തൂണുകളിൽ ചെവി ചേർത്ത് വിരൽ തട്ടുമ്പോഴുണ്ടാകുന്ന ദിവ്യസ്വരങ്ങൾ രവിക്ക് പ്രിയങ്കരമായിരുന്നു. കുമാരകോവിലിലും ശുചീന്ദ്രത്തും സുഹൃത്തുക്കളോടൊപ്പം എത്തി ഭഗവാനെ വണങ്ങി ഈ ഈണവും നുകർന്നായിരുന്നു രവി മടങ്ങുക. പ്രകൃതിയുടെ സ്വരങ്ങളും ഈശ്വരസവിധത്തിലെ പ്രശാന്തിയും അദ്ദേഹം ഏറെ അനുഭവിച്ചിരുന്നു.
രവി കൂടുതലും മനസ് തുറന്നിരുന്നത് അടുത്ത സുഹൃത്തുക്കളോടായിരുന്നു. അടുപ്പമുള്ളവരുടെ കഷ്ടനഷ്ടങ്ങളെ കുറിച്ച് പറയുമ്പോഴൊക്കെ ആ സൗമ്യതയിൽ ഇടർച്ചകൾ നിഴലിക്കുന്നതു കണ്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും സാമുദായിക സാംസ്കാരിക സംഘടനകളോടും അദ്ദേഹം അതിരു കടന്ന അടുപ്പം കാണിച്ചിരുന്നില്ല. പക്ഷേ അവർക്കാകെ രവി എന്നും വേണ്ടപ്പെട്ടവനായിരുന്നു. രവിയുടെ വേർപാടിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി അയച്ച അനുശോചന ക്കത്ത് അതിന് മതിയായ ഉദാഹരണമാണ്.
കേരളകൗമുദി ഇന്ന് സാങ്കേതിക മികവ് കൊണ്ടും വാർത്തകളുടെ ഉയർന്ന ശതമാനത്തോതുകൊണ്ടും സത്യസന്ധതയുടെ സമ്പന്നതകൊണ്ടും വർത്തമാനകാല സൗഭഗമായി നിലനില്ക്കുന്നതിനു പിന്നിലെ ശക്തി നാരായണീയവും ഭാഗവതവും പാരായണം ചെയ്തും പഠിച്ചും രവിയുടെ നിഴലായി കഴിഞ്ഞിരുന്ന ശൈലജാരവിയുടെയും മക്കളായ ദീപുവിന്റെയും ദർശന്റെയും സാന്നിദ്ധ്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി പരിപാടികളാണ് ഈ സ്ഥാപനം നടത്തിവരുന്നത്. കേരളത്തിലെ വിവിധ നഗരങ്ങളിലായി, ഗ്രാമങ്ങളിലായി ആധുനികകാല സൃഷ്ടികളെയും പൗരാണിക സംസ്കൃതിയെയും പരിചയപ്പെടുത്തുക എന്ന ദൗത്യം സി.വി. കുഞ്ഞുരാമനിൽ തുടങ്ങി, കെ. സുകുമാരനിൽ തുടർന്ന് രവിയെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. രക്തബന്ധിതമായ ഒരു സജീവത തന്നെയാണത്.
ചരാചരങ്ങൾ സമസൃഷ്ടികളാണെന്ന പ്രജ്ഞയാണ് രവിയുടെ പ്രത്യേകത. ധാർമ്മികമായ സന്തുലനചിന്ത രവിയെ വളരെപ്പേർക്കു ആദർശപുരുഷനാക്കി. ശോക നിഷേധമായ ഒരു ശാന്തത ആ മുഖത്തെ സ്ഥായീഭാവമായിരുന്നു. അനാർഭാടത ജീവിത വിജയമായിരുന്നു. മനസ് സ്നേഹനിർഭരമായിരുന്നു. ഈ കാമ്യസൃഷ്ടിയെ ദൈവം എന്തിന് നേരത്തേ വിളിച്ചു എന്നറിയില്ല. അല്ലെങ്കിൽ എന്തിനാണ് ഈ സൗമ്യസൂര്യൻ നേരത്തേ അസ്തമിച്ചതെന്നുമറിയില്ല, രവി ഇല്ലാത്ത മറ്റൊരു വർഷവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കടന്നുപോകുന്നു. ദൈവത്തിന്റെയും സ്വന്തം അച്ഛന്റെയും മുമ്പിൽ തലകുനിച്ചിരുന്ന ആ സൗമ്യഭാവം നിഷ്കാമമായ ഒരു സമ്പത്തായി എല്ലാപേരിലും പുലർത്തിക്കൊണ്ടാണ് യാത്രയായത്.
(കേരളകൗമുദി വീക്കെൻഡ് മാഗസിന്റെ മുൻ എഡിറ്ററാണ് ലേഖകൻ. ഫോൺ: 9447555055.)