ലോകത്തുള്ള മനുഷ്യരെല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പ്രാർത്ഥന നടത്തുന്നവരാണ്. ഇവിടെ പ്രാർത്ഥനയെന്നു പറയുന്നത് ഒരാൾ എന്തിന്റെയെങ്കിലും ഭൗതികനേട്ടത്തിനായി ദൈവത്തോടു നടത്തുന്ന അപേക്ഷയോ അഭ്യർത്ഥനയോ നേർച്ചയോ അല്ല. മറിച്ച് അഖണ്ഡാനുഭൂതിയുമായുള്ള ഒരാളുടെ ആത്മസംവേദനമാണത്. എന്നാൽ ഇന്ന് പ്രാർത്ഥനയെന്നത് കേവലം നേട്ടത്തിനും ഇഷ്ടത്തിനും വേണ്ടിയുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നുപറഞ്ഞാൽ അറിയാത്ത ഭാഷയിൽ ഒരാൾ സംസാരിക്കുന്നതുപോലെയാണ് ഇന്നത്തെ പ്രാർത്ഥനയെന്നർത്ഥം. ഇങ്ങനെ പ്രാർത്ഥനയുടെ പൊരുളറിയാതെ പൂജ ചെയ്യുന്നവരും നിവേദ്യം സമർപ്പിക്കുന്നവരും ഭജനം നടത്തുന്നവരും യഥാർത്ഥ ദൈവസ്വരൂപത്തെപ്പറ്റി ചിന്തയില്ലാത്തവരാണെന്നു പറയാം. കാരണം അവർ കാണുന്നതും പൂജിക്കുന്നതും ധ്യാനിക്കുന്നതും കേവലം വിഗ്രഹങ്ങളെയാണ് അല്ലെങ്കിൽ ബിംബങ്ങളെയാണ്. ഈ വിഗ്രഹങ്ങളെല്ലാം മൂർത്തരൂപമുള്ളതാണ്. എന്നാൽ എല്ലാ വിഗ്രഹങ്ങൾക്കും പിന്നിലുള്ള ദേവതത്വമോ, അത് മൂർത്തരൂപമില്ലാത്തതുമാണ്. ഈ അമൂർത്തതയാണ് ദൈവത്തിന്റെ ഒരു സ്വരൂപം.
ഇപ്രകാരം അമൂർത്തമായിരിക്കുന്ന ദേവതാസ്വരൂപത്തിൽ നിന്നും പ്രാർത്ഥകന്റെ മനസിനെ അടർത്തിമാറ്റി മൂർത്തമായ ബിംബങ്ങളിലേക്ക് ഉറപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത് നമുക്കിടയിലുള്ള ഒരുപറ്റം പുരോഹിതന്മാരാണ്. എഴുതാത്ത പരീക്ഷയിൽ വിജയം പ്രാപിക്കുവാൻവരെ അവർ പ്രാർത്ഥകന്റെ പേരും നാളും പറഞ്ഞ് വിഗ്രഹത്തോട് പ്രാർത്ഥിച്ചെന്നു വരും. ഇതെല്ലാം പ്രാർത്ഥനയുടെ പേരിലും പൊരുളിലും വന്നുചേർന്ന ചില മൂല്യച്യുതികളുടെ ഫലമാണ്. എന്നാൽ യാതൊരു മൂല്യച്യുതിക്കും സ്ഥാനമില്ലാത്ത ഒരു ശുദ്ധസാധനയാണ് യഥാർത്ഥ പ്രാർത്ഥനയെന്നത്. അതിന് കാരണം പ്രാർത്ഥനയ്ക്ക് ദാർശനികമായൊരു ആശയാടിത്തറയുണ്ട് എന്നതാണ്. അതായത് യാതൊരു കാലത്തും വിഷയത്തിനു സ്ഥാനമില്ലാത്തതാണ് ദേവതാസ്വരൂപം. അങ്ങനെയുള്ള ദേവതാസ്വരൂപത്തോടുള്ള മനുഷ്യന്റെ സ്തുതിയാണ് പ്രാർത്ഥന. അതാകട്ടെ അന്തിമമായി മനുഷ്യന്റെ ചിത്തശുദ്ധിക്കുള്ളതാണ്. അത് തിരിച്ചറിയുന്നവനാണ് ദൈവത്തോട് നന്ദിയും കടപ്പാടുമുണ്ടാകുന്നത്. അതിലേക്കുള്ള സൂചനയരുളുന്ന ഒരു ഗുരുവാണിയാണിത് ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ബിംബത്തെപ്പറ്റി സ്മരണയേയില്ല. ഈശ്വരനെപ്പറ്റിയാണു അവർ (ഭക്തന്മാർ) വിചാരിക്കുന്നത്. നിങ്ങളെപ്പോലെയുള്ളവർ (ദൈവസ്വരൂപത്തെപ്പറ്റി നിശ്ചയമില്ലാത്തവർ) പറഞ്ഞുകൊടുത്താലേ അവർ ബിംബത്തെപ്പറ്റി ഓർക്കുന്നുള്ളൂ. പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്. എല്ലാവരും ഈശ്വരനെയാണു ആരാധിക്കുന്നത്. ബിംബത്തെയല്ല.
അഖണ്ഡാനുഭൂതിയായിരിക്കുന്ന പരമാത്മസ്വരൂപനാണ് ഈ ഗുരുവാണിയിലെ ഈശ്വരൻ. എന്നാൽ ആ ഒരു വ്യക്തത ഇനിയും നമ്മുടെ ഭക്തസമൂഹത്തിനു വന്നുചേരേണ്ടതായിട്ടാണിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ജനനം മുതൽ ഈ നിമിഷംവരെയും നമ്മൾ യാതൊന്നിൽ നിന്നാണോ വേരറ്റു പോകാതിരിക്കുന്നത്, ഈ ജീവിതാന്ത്യത്തിൽ നമ്മൾ എവിടേക്കാണോ ചെന്നുചേരുന്നത്, അതാണു നമ്മുടെ ദൈവം. ആ ഈശ്വരസ്മരണയാലാണു നമ്മുടെ പകലുകൾ ഉണരേണ്ടതും രാവുകൾ അടങ്ങേണ്ടതുമെന്നു ഗദ്യപ്രാർത്ഥന എന്ന കൃതിയിലൂടെയും തൃപ്പാദങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അതിപ്രകാരമാണ് എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ.
ഈ പ്രാർത്ഥനാസംഗ്രഹത്തിൽ നിരഹങ്കാരത്തിന്റെ വെളിപാടും ഒരു ശിശുവിന്റെ നിഷ്‌കളങ്കത്വവുമുണ്ട്. എളിമയിലാണ് പ്രാർത്ഥന മഹത്വമുള്ളതായിത്തീരുന്നതെന്നതിനു ഇതിനേക്കാൾ വലിയൊരു ദൃഷ്ടാന്തം വേണ്ടതില്ല.
ഒരിക്കൽ ശിവഗിരി സത്രത്തിൽ ചികിത്സാർത്ഥം വിശ്രമിക്കുന്ന വേളയിൽ തൃപ്പാദങ്ങളെ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ ശുശ്രൂഷിച്ചു നിൽക്കുകയായിരുന്നു. ഇടയ്ക്ക് തൃപ്പാദങ്ങൾക്ക് അനുഭവപ്പെട്ട ശരീരവേദനയിൽ വിഷമിച്ചു നിന്ന വല്ലഭശ്ശേരി പരിസരം മറന്ന് കരഞ്ഞുപോയി. അതുകണ്ടിട്ടു ഗുരുദേവൻ ചോദിച്ചു: വൈദ്യൻ എന്തിനാണ് കരയുന്നത്?
വല്ലഭശ്ശേരി: മറ്റുള്ളവരുടെ വേദനയകറ്റാൻ അവതരിച്ച തൃപ്പാദങ്ങൾക്ക് ഇപ്രകാരമുള്ള വേദന വന്നുവല്ലോ എന്നോർത്തപ്പോൾ സങ്കടം വന്നതാണ്.
തൃപ്പാദങ്ങൾ: രോഗം വരാത്തവരായി ആരെങ്കിലുമുണ്ടോ?
വല്ലഭശ്ശേരി: ഇല്ല.
തൃപ്പാദങ്ങൾ: ആദിത്യചന്ദ്രന്മാർ ദേവന്മാരാണെന്നറിയാമല്ലോ?
വല്ലഭശ്ശേരി: അറിയാം.
തൃപ്പാദങ്ങൾ: എന്നാൽ അവർക്കും ഗ്രഹണമുണ്ടാകുന്നത് സാധാരണമല്ലയോ?
വല്ലഭശ്ശേരി: ആണ്.
തൃപ്പാദങ്ങൾ: എങ്കിൽ മനുഷ്യനായ നാമും അതൊക്കെ അനുഭവിച്ചുതീരേണ്ടതാണ്. അതു മനസിലാക്കിയാൽ പിന്നീട് സങ്കടപ്പെടേണ്ടതില്ലെന്നു ബോധ്യം വരും.
ഈയൊരു ബോധ്യമാണ് നമുക്കും പ്രാർത്ഥനകൊണ്ടുണ്ടാവേണ്ടത്. നമ്മൾ മറ്റു പലതുമാകാനും പലതും നേടാനുമായി ചുറ്റി നടന്നു പ്രാർത്ഥിക്കുമ്പോൾ നമ്മൾ നമ്മളാകാനുള്ള പ്രാർത്ഥന ഇല്ലാതായിപ്പോവുകയാണ്. ഇന്നു നമ്മളെന്തെല്ലാമോ ആണെന്നും നമുക്ക് എന്തെല്ലാമോ സ്വന്തമായി ഉണ്ടെന്നുമൊക്കെ കരുതുകയാണ്. ആ കരുതൽ നമുക്കില്ലാത്ത ഭാരവും അഹന്തയും നൽകുകയാണു ചെയ്യുന്നത്. ഇവിടെ നമ്മൾ മറന്നപോകുന്ന ഒരു മഹാസത്യമുണ്ട് ഈ സ്ഥാനമാനങ്ങളൊന്നും ഇല്ലാതിരുന്ന, ധനവും ബലവും ബന്ധുക്കളുമൊന്നും ഇല്ലാതിരുന്ന, ഈ ശരീരംപോലും ഇക്കാണുന്ന അവയവങ്ങളായി പിരിഞ്ഞു വരാതിരുന്ന, ഒരു പൂർവകാലം നമുക്കുണ്ടായിരുന്നുവെന്ന സത്യം. ഞാൻ ഞാനാകുന്നതിനു മുൻപുള്ള ഒരു പിണ്ഡകാലമാണത്. അന്നത് ഉടഞ്ഞുപോകുവാൻ എത്ര എളുപ്പമായിരുന്നുവെന്നുകൂടി ഓർക്കണം. മാതാവും പിതാവുമൊന്നും രക്ഷയ്ക്കില്ലാതിരുന്ന അന്ന് കാലന്റെ കൈയിലണയാതെ ഈ മാംസപിണ്ഡത്തെ പോറ്റിവളർത്തിയത് പരമാത്മസ്വരൂപനായ ഭഗവാൻ മാത്രമാണ്. നമ്മിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ നമുക്കെല്ലാം തന്നുകൊണ്ടിരിക്കുന്ന മംഗളസ്വരൂപനായ ആ ഭഗവാൻ തന്നെയാണ് എന്റെ താതൻ. ഈ ജീവകാലമറ്റുപോകുന്ന നിമിഷംവരെയും നാം നന്ദിയും കടപ്പാടും ഉള്ളവരായി തീരേണ്ടത് ആ പരമാത്മസ്വരൂപനോടാണെന്ന ബോധം നമുക്കു പകർന്നുതരുന്ന തൃപ്പാദങ്ങളുടെ ഒരു രചനയാണ് പിണ്ഡനന്ദി. ആ കൃതിയുടെ വായനയും ചിന്തയും തന്നെ നമുക്കൊരു പ്രാർത്ഥനയായി അനുഭവപ്പെടും.