തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിൽ ഒളിയമ്പുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. വിഷയത്തിൽ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ടെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്ന് നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.തൊട്ടുപിന്നാലെയാണ് പാർട്ടി മുഖപത്രം മുഖപ്രസംഗം എഴുതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഡാറ്റ സുരക്ഷ സുപ്രധാനമാണെന്നും മൂലധനശക്തികൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതായും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.ഡാറ്റയുടെ മുകളിലാണ് കമ്പനികൾ സാമ്രാജ്യം കെട്ടിപൊക്കുന്നതെന്ന് പറയുന്ന പത്രം ഡാറ്റ ദുരുപയോഗം ചെയ്ത കേസുകൾ നിരവധിയാണെന്നും ആശങ്കപ്പെടുന്നു.ഡാറ്റ മോഷണം പതിവായിട്ടും അർഹിക്കുന്ന പ്രാധാന്യം അതിന് ലഭിക്കുന്നില്ലെന്നും പാർട്ടി മുഖപത്രം പറയുന്നു.
വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിര്‍ണയിക്കുക. കമ്പനികള്‍ ഡാറ്റയെ സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തതു സംബന്ധിച്ച വന്‍ വിവാദങ്ങള്‍ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്നും ജനയുഗം പറയുന്നു. ഡാറ്റ കെെവശമില്ലാത്തവര്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്ത്യയില്‍ ‘ആധാര്‍’ എന്നറിയപ്പെടുന്ന ‘യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ‑യുഐഡിഎഐ’ വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായും പാർട്ടി മുഖപത്രം എഡിറ്റോറിയലിലൂടെ വ്യക്തമാക്കുന്നു.
വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാവുന്നതാണ്. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല. ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വതന്ത്രമായ നിലനില്പ് ഇല്ല. അവ പരസ്പരപൂരകങ്ങളാണ്. സ്വകാര്യത കൂടാതെ സുരക്ഷിതത്വമോ സുരക്ഷിതത്വം കൂടാതെ സ്വകാര്യതയ്ക്കോ നിലനില്പില്ല. വിവരശേഖരങ്ങളുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താല്പര്യങ്ങള്‍ക്ക് ആ പ്രക്രിയയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് കെെവന്നിരിക്കുന്നത്. സ്വാഭാവികമായും തങ്ങളുടെ ലാഭാര്‍ത്തിക്ക് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നുവെന്നും സി.പി.ഐ പാർട്ടി മുഖപത്രത്തിലൂടെ പറയുന്നു. ഇടതുമുന്നണിയിലെ തന്നെ പ്രധാന ഘടകകക്ഷിയുടെ സർക്കാരിനെതിരായ നിലപാട് വരും ദിവസങ്ങളിൽ പുതിയ വിവാദത്തിന് വഴിയൊരുക്കും.