marriage

വെഞ്ഞാറമൂട്: മകളുടെ വിവാഹത്തോടൊപ്പം രണ്ട് നിർദ്ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹവും ഒരാൾക്ക് വിവാഹധന സഹായവും നൽകി വ്യവസായ സംരംഭകൻ. വെഞ്ഞാറമൂട് മൈലയ്ക്കൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ മൈലയ്ക്കൽ ഗാർഡൻസിൽ നിസാറാണ് തന്റെ മകളുടെ വിവാഹ ദിനത്തിൽ രണ്ട് യുവതികളുടെ വിവാഹം കൂടി നടത്തിക്കൊടുക്കുകയും മറ്റൊരു യുവതിയുടെ വിവാഹത്തിന് സഹായവും നൽകിയത്. ഞായറാഴ്ചയായിരുന്നു നിസാറിന്റെയും ഷജീലയുടെയും മകളായ സാദിയയുടെയും വാമനപുരം കരുവയൽ ഫവാസ് മൻസിലിൽ സൈനുല്ലാബ്ദീന്റെയും ജമീലാ ഹക്കിമിന്റെയും മകനായ ഫൈസലുമായുള്ള വിവാഹം നടന്നത്. ഇതേ ദിവസം തന്നെ പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയിൽ സലിമിന്റെയും ഷാഹിദയുടെ മകൾ ഖദീജയുടെയും പെരുമാതുറ തെരുവിൽ തൈവിളാകത്ത് വീട്ടിൽ അഷറഫ്-നൂർജഹാൻ ദമ്പതികളുടെ മകൻ ഷഹീനുമായുള്ള വിവാഹവും, വെഞ്ഞാറമൂട് കോട്ടറക്കോണം വൈഷ്ണുവ ഭവനിൽ പരേതനായ രഘുവിന്റെയും ശാലിനിയുടെയും മകൾ രജിതയുടെയും ഇടുക്കി വാഗമൺ ചെറിയകാവിൽ ഹൗസിൽ മനോജിന്റെയും ഉഷയുടെയും മകൻ മജുവിന്റെയും വിവാഹം നടന്നു. മറ്റൊരു വിവാഹവും കൂടി നടക്കേണ്ടിയിരുന്നെങ്കിലും വരന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മറ്റൊരവസരത്തിലേക്ക് മാറ്റി. എന്നാൽ ഇവർക്കുള്ള വിവാഹ ധന സഹായം നൽകി. പുറമേ നിന്നുള്ള രണ്ട് വിവാഹത്തിലെയും യുവതികൾക്ക് അഞ്ച് പവൻ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും 10,000 രൂപയും ഭക്ഷണ ചെലവുകളും ജീവനോപാധി എന്ന നിലയിൽ വരൻമാർക്ക് ഒാരോ ആട്ടോറിക്ഷകളും സംഭാവനയായി നൽകി. കഴക്കൂട്ടത്തെ ഒരു ആഡിറ്റോറിയത്തിലാണ് വിവാഹങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും നിലവിലെ പശ്ചാത്തലത്തിൽ അവരവരുടെ വീടുകളിലാണ് നടന്നത്. വിവാഹ ശേഷം വധൂവരന്മാർ കീഴായിക്കോണത്തെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തി ഭക്ഷണ വിതരണത്തിൽ പങ്കാളികളായി. അവിടെ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10,000 രൂപ നിസാർ ഡി.കെ. മുരളി എം.എൽ.എയെ ഏൽപ്പിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, പഞ്ചായത്തംഗങ്ങളായ എസ്.അനിൽ, അൽ സജീർ വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ് സിതാരാ ബാബു എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.