lock-down-

ന്യൂഡൽഹി: കേരളം ലോക്ക്ഡൗൺ ചട്ടം ലംഘിച്ചതായി കേന്ദ്രസർക്കാർ. വർക്ക് ഷോപ്പുകൾ,ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, പുസ്തകശാലകൾ എന്നിവ സംസ്ഥാനത്ത് തുറന്നത് തെറ്റാണെന്നാണ് കേന്ദ്ര നിലപാട്. ഇതുസംബന്ധിച്ച് സംസ്ഥാനത്തോട് കേന്ദ്രസർക്കാർ വിശദീകരണം തേടി.

പുതുക്കിയ കേന്ദ്ര മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ചില മേഖലകൾക്ക് സംസ്ഥാനം ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമർശനത്തിന് കാരണം.കേരളം ബാർബർ ഷോപ്പുകൾക്കും, വർക് ഷോപ്പുകൾക്കും, ഹോട്ടലുകൾക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്.കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും.

മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്‌.

2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15ന്‌ ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2005 ലെ നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ മാര്‍ഗ രേഖ. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തില്‍ വെള്ളംചേര്‍ത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിൽ സംസ്ഥാനം ഇന്ന് തന്നെ നിലപാട് അറിയിക്കും.