ഓട്ടവ: കാനഡയിൽ നോവ സ്കോട്ടിയയിൽ പൊലീസ് വേഷം ധരിച്ചെത്തിയ ആൾ വനിതാ പൊലീസ് ഓഫീസർ ഉൾപ്പെടെ 16 പേരെ വെടിവച്ചു കൊന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആക്രമിയും കൊല്ലപ്പെട്ടു.
12 മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ ആക്രമിയുടെ കാർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വെടിയേറ്റ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി തുടങ്ങിയ ആക്രമണത്തെ തുടർന്ന് നോവാ സ്കോട്ടിയയിലെ പോർട്ടപികിൽ ജനങ്ങളോട് വീടുകൾക്കുള്ളിൽ തുടരാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഒരു പൊലീസ് വാഹനത്തിന് സമാനമായിരുന്ന കാറിലാണ് ആക്രമി എത്തിയത്.
നോവാ സ്കോട്ടിയയുടെ വിവിധ ഭാഗങ്ങളിലായി ആളുകൾക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. എത്രപേർക്ക് വെടിയേറ്റിട്ടുണ്ടെന്ന കാര്യം അതികൃതർ പരിശോധിച്ചു വരികയാണ്. കൂടുതൽ പേർക്ക് വെടിയേറ്റിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. 23 വർഷമായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിൽ കോൺസ്റ്റബിളായി സേവനമനുഷ്ഠിക്കുന്ന ഹെയ്ദി സ്റ്റീവൻസൺ ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥ. 51 വയസുകാരനായ ഗബ്രിയേൽ വോർട്ട്മാനാണ് ആക്രമിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ പൊലീസ് ഉദ്യോഗസ്ഥനല്ല.
എന്നാൽ കനേഡിയൻ പൊലീസിന്റെ യൂണിഫോം ധരിച്ചാണ് ആക്രമണം നടത്തിയത്. പോർട്ടപികിൽ നിന്നും തുടങ്ങിയ ആക്രമണം 12 മണിക്കൂറുകൾക്ക് ശേഷം ഞായറാഴ്ച രാവിലെയോടെ 22 മൈൽ അകലെയുള്ള എൻഫീൽഡിലാണ് അവസാനിച്ചത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇയാൾ കൊല്ലപ്പെട്ടതെങ്ങനെയെന്ന് വ്യക്തമല്ല. അക്രമിയെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 1989ൽ 14 സ്ത്രീകളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം കാനഡയിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെയ്പുകളിലൊന്നാണിത്.