തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്ന് മുതൽ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുടെ മാതൃകയിൽ ഓൺലൈൻ ജനസമ്പർക്കവുമായി വീട്ടിൽ അദ്ദേഹം സജീവമാണ്. സ്വദേശത്തും വിദേശത്തുനിന്നുമായി നിരവധി ആളുകളാണ് അദ്ദേഹത്തെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചുകൊണ്ട് വിളിക്കുന്നത്.
ഒന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിൽ പരാതി അറിയിക്കുവാൻ വീട്ടിലെ ലാൻഡ്‌ലൈൻ നമ്പർ കൂടി പ്രസിദ്ധീകരിച്ചത്തോടെ, സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9 മുതൽ രാത്രി 8 വരെ വരുന്ന ഫോൺ കോളുകൾക്ക് അദ്ദേഹം നേരിട്ട് തന്നെയാണ് മറുപടി നൽകുന്നത്.
ഇറ്റലിയിൽ നിന്ന് ഡൽഹിയിലെ സൈനിക നിരീക്ഷണ ക്യാമ്പിൽ കുടുങ്ങിയ നാൽപത്തിമൂന്നു
മലയാളി വിദ്യാർത്ഥികളെ കേരളത്തിലെത്തിച്ചതും ഭക്ഷണമില്ലാതെ ബംഗളൂരുവിൽ കുടുങ്ങിയ മലയാളി യുവാക്കൾക്ക് പാചകവാതക സിലിണ്ടറും ഭക്ഷണസാധനങ്ങളും എത്തിച്ചതും, വിയ്യൂരിലും കായംകുളം കൃഷ്ണൻപുരത്തുമടക്കം ഭക്ഷണ കിറ്റുകൾ എത്തിച്ചതുമൊക്കെ സഹായങ്ങളിൽ ചിലതാണ്. ഡൽഹിയിലും,മുംബയിലും മറ്റുമായി നിരവധി നഴ്സുമാർ സഹായത്തിനായി ഇപ്പോഴും ബന്ധപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
അമേരിക്കൻ മലയാളികളുമായി വീഡിയോ കോൺഫറൻസ്
ഇരുന്നൂറോളം വരുന്ന പ്രവാസി മലയാളികളുമായി അദ്ദേഹം നേരിട്ട് സംവദിച്ചു. ഇന്ത്യൻ സമയം രാത്രി ഒമ്പതരയ്ക്ക് തുടങ്ങിയ വീഡിയോ കോൺഫറൻസ് ഏകദേശം 11 മണി വരെ നീണ്ടു. മലയാളി സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകൾ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുമായാണ് വീഡിയോ കോൺഫറൻസ് നടന്നത്.വളരെയെറെ ക്രിയാത്മകമായ ചർച്ചകളാണ് മുൻ മുഖ്യമന്ത്രിയുമായി നടന്നത് എന്ന് പ്രവാസി സംഘടന ഭാരവാഹികൾ അറിയിച്ചു.
സൂം ആപ്പ് വഴി നടന്ന കോൺഫറൻസ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള വീഡിയോ കോൺഫറൻസിംഗിന്റെ നേരിട്ടുള്ള ഫേസ്ബുക്ക് ലൈവിലൂടെയുള്ള സംപ്രേഷണം കേരളത്തിൽ ആദ്യമായാണ് നടന്നത് എന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഒരുലക്ഷത്തിലേറെ ആളുകളാണ് ചർച്ച ഫേസ്ബുക് ലൈവിലൂടെ വീക്ഷിച്ചത്.വരും ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെയും, യൂറോപ്പിലെയും പ്രവാസികളുമായി ഇത്തരത്തിൽ സംവദിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.