ന്യൂഡൽഹി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ 2020-21 വർഷത്തെ മൂല്യനിർണയ ആദായനികുതി റിട്ടേൺ ഫോമുകൾ പരിഷ്‌കരിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് അറിയിച്ചു. മാർച്ച് 31ന് അവസാനിക്കുന്ന ആദായനികുതിയുമായി ബന്ധപ്പെട്ട നിയമപരമായ സമയപരിധി ജൂൺ 30 വരെ നേരത്തെ നീട്ടിയിരുന്നു. കൊവിഡ് മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അതിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളും കണക്കിലെടുത്താണ് തീരുമാനം.
കൊവിഡ് മൂലം കേന്ദ്ര സർക്കാർ അനുവദിച്ച വിവിധ ടൈംലൈൻ എക്സ്റ്റൻഷനുകളുടെ മുഴുവൻ ആനുകൂല്യങ്ങളും നികുതിദായകർക്ക് ലഭ്യമാക്കുന്നതിനാണ് റിട്ടേൺ ഫോമുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി. മാറ്റങ്ങളോടെയുള്ള റിട്ടേൺ സംവിധാനം മേയ് 31 ഓടെ ലഭ്യമാക്കുമെന്നും സി.ബി.ഡി.ടി അറിയിച്ചു.