ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനേഴായിരം കടന്നു. രോഗികളുടെ എണ്ണം 17,265 ആയിരിക്കുയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2302 പേർ രോഗമുക്തി നേടി. രോഗവ്യാപനം രൂക്ഷമായിരിക്കുന്ന ഡൽഹിയിൽ ആകെ കേസുകൾ രണ്ടായിരം കടന്നപ്പോൾ, യു.പി ആയിരം കേസുകൾക്ക് മുകളിലുള്ള സംസ്ഥാനമായി മാറി.
രാജ്യതലസ്ഥാനത്തെ മരണ സംഖ്യ നാൽപ്പത്തി അഞ്ചായി. ഹോട്ട്സ്പോട്ടുകളിൽ ഒഴികെയുള്ള കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് നിലവിൽവരും. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം നാലായിരം കടന്നു. ആശങ്ക വർദ്ധിപ്പിച്ച് ഇന്നലെ 552 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ രോഗബാധ നിരക്കാണിത്. 4200 പേരാണ് ആകെ ചികിൽസയിലുള്ളത്.
പുതുതായി 12 മരണം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 223 ആണ്. 507 പേർ ഇതുവരെ രോഗമുക്തരായി. മുംബയിൽ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുകയാണ്. 134 മരണം റിപ്പോർട്ട് ചെയ്ത മുംബയ് നഗരത്തിൽ 2724 രോഗികളുണ്ട്.