-telangana

ഹൈദരാബാദ്: ലോക്ക് ഡൗൺ തെലങ്കാനയിൽ മേയ് ഏഴ് വരെ നീട്ടി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മേയ് അഞ്ചിന് സർക്കാർ പരിശോധിച്ച ശേഷം തുടർ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. അരി മില്ലുകളെയും മരുന്നു കമ്പനികളെയും പ്രവർത്തിക്കാൻ അനുവദിക്കുമെന്നും എന്നാൽ, ഓൺലൈൻ ഭക്ഷണ വിതരണക്കാരടക്കമുള്ളവർക്ക് അനുവാദമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വിഗ്ഗി, സൊമാറ്റോ പോലുള്ളവർ വിതരണത്തിന് ശ്രമിച്ചാൽ നടപടി ഉണ്ടാകും.

കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക റേഷൻ അനുവദിക്കും. കുടുംബസമേതം തെലങ്കാനയിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് 1500 രൂപ നൽകും. സേവന രംഗത്തുള്ള പൊലീസുകാർക്ക് 10 ശതമാനം ശമ്പള വർദ്ധനവും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 20 ന് ശേഷം കേന്ദ്രം അനുവദിക്കുന്ന ഇളവുകൾ സംസ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വാടകക്ക് കെട്ടിട ഉടമസ്ഥർ കൂടുതൽ സമയം അനുവദിക്കണമെന്നും അതിന് പലിശ ഈടാക്കരുത്. വാടകക്കായി കെട്ടിട ഉടമസ്ഥർ സമ്മർദം ചെലുത്തുന്നുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാം. സ്വകാര്യ സ്‌കൂളുകളെ പുതിയ അദ്ധ്യയന വർഷം ഫീസ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്നും ചന്ദ്രശേഖരറാവു പറഞ്ഞു. തെലങ്കാനയിൽ ഇതുവരെ 858 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ മരിച്ചു. 186 പേർക്ക് രോഗം ഭേദമായി.