pic-

തിരുവനന്തപുരം : നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച ഏഴ് ജില്ലകളുടെ കൂട്ടത്തിൽ തിരുവനന്തപുരവും ഉൾപ്പെട്ടതോടെ ഹോട്ട് സ്പോട്ട് പ്രഖ്യാപനമൊന്നും കൂസാതെ നഗരത്തിലും തിരക്കേറി.വാഹനങ്ങളുമായി ആളുകൾ കൂട്ടത്തോടെ തലസ്ഥാനഗരിയിലേക്ക് ഇറങ്ങിയതോടെ തിരുവനന്തപുരം നഗരസഭാ പരിധിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും കിഴക്കേക്കോട്ട, കിള്ളിപ്പാലം, കരമന, പാപ്പനംകോട് ഭാഗങ്ങളിലുമാണ് ഇന്ന് രാവിലെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. ബൈപ്പാസിലും ദേശീയപാതയിലും വാഹനങ്ങളുമായി ഇറങ്ങുന്നവരുടെ എണ്ണം പെരുകിയതോടെ നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം പൊലീസ് പരിശോധന ക‌ർശനമാക്കി. നഗരത്തിന്റെ പലഭാഗങ്ങളിലും ചെറിയതോതിൽ കടകൾ തുറന്നിട്ടുണ്ട്. എന്നാൽ ആട്ടോ - ടാക്സി വാഹനങ്ങളെല്ലാം ഇന്നും ലോക്ക് ഡൗണിലാണ്. സ്വകാര്യ കാറുകളും ചെറിയ ചരക്ക് വാഹനങ്ങളുമാണ് ഇന്ന് റോഡിലുള്ളത്.

ഒറ്റ അക്ക നമ്പ‌ർ വാഹനങ്ങൾക്കാണ് ഇന്ന് നിരത്തിലിറങ്ങാൻ അനുമതിയുള്ളതെങ്കിലും ജില്ലയ്ക്ക് ഇളവ് അനുവദിച്ചതിന്റെ പേരിൽ മിക്കവരും ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങുകയായിരുന്നു. ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ തിരുവനന്തപുരം നഗരസഭ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത് പ്രദേശം എന്നിവിടങ്ങളിലൊഴികെ ജില്ലയിലും ദിവസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ കാ‌ർഷിക മേഖലയായ വെഞ്ഞാറമൂട്, വെമ്പായം, പോത്തൻകോട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശാല പ്രദേശങ്ങളിൽ കാർഷിക ജോലികൾ ആരംഭിച്ചു. വിപണികളും മറ്റും ഇവിടങ്ങളിൽ ആരംഭിക്കുമെന്നിരിക്കെ വിളവെടുപ്പ് പോലുള്ള കാര്യങ്ങളും ഇവിടങ്ങളിൽ നടന്നുവരുന്നു. അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകൾ ഇവിടേക്ക് വരുന്നതിന് കർശന നിയന്ത്രണം തുടരുന്നുണ്ട്. തിരുവനന്തപുരമുൾപ്പെടെ നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലകളിൽ സർക്കാർ‌ ഓഫീസുകൾ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ബസും ട്രെയിനുമുൾപ്പെടെ പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ പല ഓഫീസുകളിലും ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തേണ്ടവർക്ക് വരാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.