തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് തലവേദനയായി സ്പ്രിംഗ്ലറിനെതിരെ പുതിയ ആരോപണം. കൊവിഡ് വിവരശേഖരണത്തിനായി അമേരിക്കൻ കമ്പനി സ്പ്രിംഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറില്‍ കൂടുതല്‍ ദുരൂഹതകളാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് ഡാറ്റാ ശേഖരണത്തിനായി സർക്കാർ നിയോഗിച്ച സ്പ്രിംഗ്ലറിന് അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി ബന്ധമുള്ളതിന്‍റെ വിവരങ്ങളാണ് പുറത്തായത്. ഫൈസർ എന്ന മരുന്ന് കമ്പനിയുമായാണ് സ്‌പ്ലിംഗറിന് ബന്ധം.കൊവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഈ കമ്പനി.
ഫൈസറിന് മരുന്ന് നിർമ്മാണത്തിനും, ഗവേഷണത്തിനും, വിപണനത്തിനും ഡാറ്റ അടക്കമുള്ള വിവരങ്ങൾ നൽകുന്നത് സ്പ്രിംഗ്ലർ ആണെന്നാണ് പുറത്ത് വരുന്ന വിവരം. വിവര ശേഖരണത്തിന് സ്പ്രിംഗ്ലറിന്‍റെ സഹായം തേടി എന്ന് ഫൈസർ വ്യക്തമാക്കുന്നു.ഡാറ്റാ മോഷണത്തിന് അമേരിക്കയിൽ കേസുള്ള കമ്പനിക്ക് കരാര്‍ നല്‍കിയത് സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങൾ വിൽക്കാനുള്ള വലിയ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സ്പ്രിംഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ആദ്യം രംഗത്ത് വന്നത് പ്രതിപക്ഷ നേതാവാണ്. പിന്നീട് ഇഠതുമുന്നണിയിൽ നിന്ന് സി.പി.ഐയും സർക്കാരിനെതിരെ രംഗത്തെത്തി.