പ്രാഗ്: കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രസിപ്പിച്ച് നിറുത്തിയിരുന്ന കാർട്ടൂൺ ചിത്രങ്ങളായ ടോം ആന്റ് ജെറിയുടെയും പോപോയുടെയും സംവിധായകനും ഓസ്കാർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച് (95) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖം മൂലം മാസങ്ങളായി ചികിത്സയിലായിരുന്നു. പ്രാഗിലെ അപ്പാർട്ട്‌മെന്റിലായിരുന്നു അന്ത്യം. 1924ൽ ഷിക്കാഗോയിലായിരുന്നു യൂജീൻ മെറിൽ ജനിച്ചത്. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് യൂജീൻ സിനിമാ രംഗത്തേയ്ക്ക് വന്നത്.
ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷൻ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ഓസ്‌കർ ലഭിച്ചത്.