തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ തൊഴില്‍ ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ഇളവുനല്‍കിയിട്ടുള്ള തൊഴില്‍ മേഖലകളും നിയന്ത്രണം പാലിക്കണം. നിര്‍ദേശിച്ചിട്ടുള്ള ജോലികള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. സത്യവാങ്മൂലം കരുതണം. പൊതുവായ പരിശോധനകള്‍ കര്‍ശനമായി തുടരും. ഗ്രീന്‍ സോണിലുള്‍പ്പെടെ ആള്‍ക്കൂട്ടങ്ങളോ അനാവശ്യയാത്രകളോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നാളെ മുതലാണെന്ന് വ്യക്തമാക്കിയ ഡി.ജി.പി. നാളെ നിരത്തിലിറക്കാവുന്നത് 1, 3, 5,7, 9 അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങളായിരിക്കണമെന്നും അറിയിച്ചു. ഇരട്ട അക്കങ്ങളിലവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലിറങ്ങാം. സ്ത്രീകള്‍ക്കും പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇത് ബാധകമല്ല. ജില്ലകള്‍ കടന്നുള്ള യാത്ര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യവിഭാഗത്തിനും മാത്രമേ അനുവദിക്കൂവെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.