പാറശാല: വാറ്റുകേന്ദ്രം റെയ്ഡ് ചെയ്ത എക്സൈസ് സംഘത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ വിലങ്ങുമായി കടത്തിക്കൊണ്ടുപോകുകയും ചെയ്ത അക്രമിസംഘത്തെ പിടികൂടാൻ പൊലീസും എക്സൈസും പരിശോധന ശക്തമാക്കി. നെയ്യാറ്റിൻകര ചെമ്പൂരിൽ നിരവധി അബ്കാരി കേസുകളിൽ പ്രതിയായ വട്ടപ്പറമ്പത്ത് റോഡരികത്ത് വീട്ടിൽ സജികുമാറിന്റെ (47) നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. സജികുമാറിനെയും കൂട്ടാളിയെയും 50 ലിറ്റർ ചാരായവുമായി ഇന്നലെ രാത്രിയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഈ വിവരം അറിഞ്ഞെത്തിയ ഇയാളുടെ മക്കളായ സന്ദീപ്, സഞ്ജയ്, ബന്ധുക്കളായ സത്യൻ, ഹരികുമാർ, സന്ദീപ്, ശരത്, സജൻലാൽ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ അമ്പതോളം പേരുടെ നേതൃത്വത്തിലായിരുന്നു അക്രമണം. പിടികൂടിയ ചാരായം നശിപ്പിച്ച അക്രമിസംഘം സജികുമാറിനെയും സുഹൃത്തിനെയും വിലങ്ങ് സഹിതം പ്രതികൾ മോചിപ്പിച്ച് കൊണ്ടുപോകുകയും ചെയ്തു.
പ്രദേശത്ത് വാറ്റ് നടക്കുന്നതായി അറിഞ്ഞാണ് എക്സൈസ് സ്ഥലത്തെത്തിയത്. രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് കോടയും മറ്റും പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് സ്വകാര്യകാറിലെത്തിയ കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ സ്വരൂപും സംഘവും സജികുമാറിനെ പിടികൂടിയതറിഞ്ഞെത്തിയ അക്രമികൾ എക്സൈസിന്റെ കാർ തല്ലിതകർത്തു.കമ്പിവടികളുമായി എക്സൈസ് സംഘത്തെ അടിക്കുകയും കല്ലെറിഞ്ഞ് തുരത്തുകയും ചെയ്ത സംഘം പ്രതികളുമായി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ എക്സൈസ് എക്സൈസ് ഇൻസ്പക്ടർ സ്വരൂപ് (43), എക്സൈസ് ഉദ്യോഗസ്ഥരായ രജിത്ത് (37), ഹർഷകുമാർ (36), രാജിവ് (36), ഷീന്റോ (27), ഡ്രൈവർ സുനിൽ ഫോൾഗായിൻ (40), എന്നിവർ നെയ്യാറ്റിൻകര ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
നെയ്യാറ്റിൻകര ഡിവൈ..എസ്..പിയുടെ നേതൃത്വത്തിൽ ആര്യങ്കോട് പൊലീസും നെയ്യാറ്റിൻകര എക്സൈസ് സി..ഐ, തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി..ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലോക്ക ഡൗണായതിനാൽ പ്രതികൾ നാടുവിടാൻ സാദ്ധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.. ചാരായ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എക്സൈസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും ഇവർക്കെതിരെ കേസുകളെടുത്തിട്ടുള്ളതായി പൊലീസും എക്സൈസും അറിയിച്ചു.