scientist

ബ്രസൽസ്: കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡികൾ ലാമകളുടെ രക്തത്തിൽ അടങ്ങിയിട്ടുള്ളതായി ബെൽജിയൻ ശാസ്ത്രജ്ഞർ. ലാമ, ഒട്ടകങ്ങൾ, അൽപാക്കസ് തുടങ്ങി ക്യാമലിഡ് വിഭാഗത്തിൽപ്പെട്ട ജീവികളുടെ രക്തത്തിലടങ്ങിയിരിക്കുന്ന തന്മാത്രകൾക്ക് കൊറോണ വൈറസിനെതിരെ പൊരുതാൻ ശേഷിയുണ്ടെന്ന് ഗെന്റിലെ വ്ലാംസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ലാമകളിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളെ പറ്റി വിശദമായി പഠനം തുടരുകയാണ്. എച്ച്.ഐ.വി പഠനങ്ങൾക്കായാണ് ലാമകളിലെ ആന്റിബോഡികൾ ആദ്യം ഗവേഷണ വിധേയമാക്കിയത്. പിന്നീട് മിഡിൽ ഈസ്‌റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS - മെർസ് ), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS - സാർസ് ) എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകൾക്കെതിരെ ഈ ആന്റിബോഡികൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

1989ൽ ബ്രസൽസ് യൂണിവേഴ്സിറ്റിയാണ് ക്യാമാലിഡുകളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകൾ ആദ്യമായി കണ്ടെത്തിയത്. ദക്ഷിണ കൊറിയയിൽ കീരികളിലും മറ്റും കൊവിഡ് വാക്സിനായി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. വൈറസ് ബാധയേറ്റ ഇവ മനുഷ്യർക്ക് സമാനമായി പ്രതികരിക്കുന്നതായും ഇതുവഴി ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്നുമാണ് കൊറിയൻ ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്. സിറിയൻ ഹാംസ്‌റ്ററുകളിൽ സമാനരീതിയിൽ ഗവേഷണങ്ങൾ നടക്കുന്നതായി ഹോങ്കോംഗിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്. ഓക്സ്‌‌ഫോർഡ് യൂണിവേഴ്സിറ്റിയും കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഓക്സ്‌‌ഫോർഡ് യൂണിവേഴ്സിറ്റി പരീക്ഷണാർത്ഥത്തിൽ വികസിപ്പിച്ചെടുത്ത വാക്സിൻ മൃഗങ്ങളിൽ ഫലം ചെയ്യുന്നുണ്ട്. ചിമ്പാൻസികളിൽ രൂപപ്പെടുത്തിയ കൊറോണ വൈറസ് ആന്റിബോഡികളിൽ നിന്നാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

llamas

മനുഷ്യരിലും ഇത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഏകദേശം സെപ്റ്റംബർ മാസത്തോടു കൂടി ഈ വാക്സിൻ വിജയകരമായി മനുഷ്യരിൽ ഉപയോഗിക്കാനാകുമെന്നും കൊവിഡിനെ മനുഷ്യരിൽ നിന്നും തുടച്ചു നീക്കാനാകുമെന്നും ഗവേഷകർ പറയുന്നു. അതേസമയം, മനുഷ്യരിൽ ഒരു വാക്സിൻ ഫലപ്രദമായി ഉപയോഗിക്കാൻ ഒരു വർഷം മുതൽ പതിനെട്ട് മാസത്തോളം ചിലപ്പോൾ കാത്തിരിക്കേണ്ടി വരുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നുണ്ട്. ഓക്സ്‌‌ ഫോർഡ് വാക്സിൻ പരീക്ഷണത്തിനായി 18 മുതൽ 55 വയസുവരെ പ്രായമുള്ള 510 പേരെ ഇതിനൊടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. നിലവിൽ വിവിധ സ്പീഷീസുകളിലുള്ള മൃഗങ്ങളിലാണ് വാക്സിൻ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.