donald-trump

വാഷിംഗ്ടൺ: അമേരിക്കയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മറ്റ് രാജ്യങ്ങളെക്കാളും മികച്ചതാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ത്യയടക്കമുള്ള മറ്റ് പത്ത് രാജ്യങ്ങളേക്കാൾ കൊവിഡിനെതിരെ കൂടുതൽ പരിശോധനകൾ നടത്തിയത് അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു.


കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക തുടർച്ചയായി പുരോഗതി കൈവരിക്കുകയാണ്. ഇതുവരെ 4.18 ലക്ഷം ആൾക്കാരിൽ കൊവിഡ് പരിശോധന നടത്തി. ലോകത്ത് മറ്റൊരിടത്തും ഇത്രയും ആൾക്കാരിൽ പരിശോധന നടത്തിയിട്ടില്ല. ഫ്രാൻസ്, ബ്രിട്ടൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, ഇന്ത്യ, ഓസ്ട്രിയ, ആസ്‌ട്രേലിയ. സ്വീഡൻ, കാനഡ എന്നീ രാജ്യങ്ങളെക്കാൾ കൂടുതൽ രോഗികളിൽ അമേരിക്ക പരിശോധന നടത്തിയിട്ടുണ്ട്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് വിമുഖത കാണിച്ച സ്‌പെയിനും ഇറ്റലിയും വലിയ വില കൊടുക്കേണ്ടി വന്നു. അമേരിക്ക ഇത്തരത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് ആൾക്കാർക്ക് ജീവഹാനി ഉണ്ടാവുമായിരുന്നു. നേരത്തെയുണ്ടായ കൂട്ടത്തോടെയുള്ള മരണങ്ങളെല്ലാം സാമൂഹിക അകലം പാലിക്കാത്തതുകൊണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കാത്തതുകൊണ്ടുമായിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തിനായി അമേരിക്കൻ ഭരണകൂടം സ്വീകരിച്ച നടപടി ഫലവത്തായിരിക്കുന്നു. അമേരിക്കയിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നു- ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40000 കടക്കുകയും 764000 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അധികം വൈകാതെ രാജ്യത്തെ അടച്ചിടൽ പിൻവലിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന.