ന്യൂഡൽഹി: രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നിൽ രണ്ട് കൊവിഡ് ബാധിതരിൽ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിച്ചു.
20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗലക്ഷണങ്ങളില്ലാതെ രോഗം കണ്ടു വരുന്നത്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരിൽ 192 പേരിൽ രോഗലക്ഷണങ്ങളില്ലായിരുന്നു. രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവർ അസമിൽ 82%, ഉത്തർപ്രദേശിൽ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ശ്വാസം മുട്ടലുമായി എത്തുന്നരെ വിശദപരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് കൊവിഡ് കണ്ടെത്തുന്നത്.
ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 2000 കടന്നു. മരണം 45 ആയി ഉയർന്നു. ഇവിടെ കൊവിഡ് തീവ്രബാധിത മേഖലകൾ 79 ആയി. രാജ്യത്ത് 17265 പേർക്ക് കൊവിഡ് ബാധിച്ചു. ഇതിൽ 14175 പേർ ചികിത്സയിലാണ്. 2547 പേർക്ക് രോഗം ഭേദമായി. 543 പേർ മരിച്ചു. 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ രാജ്യത്ത് 1553 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.