lock-down-

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സർക്കാർ തിരുത്തി. ബാർബർഷോപ്പും ഹോട്ടലും തുറക്കാനുള്ള ഉത്തരവ് കേരളം തിരുത്തിയിട്ടുണ്ട്. ബൈക്കിൽ രണ്ട് പേർക്ക് സഞ്ചരിക്കാമെന്ന ഉത്തരവും കേരളം തിരുത്തി.കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇളവുകളിൽ തിരുത്തൽ വരുത്താൻ തീരുമാനമെടുത്തത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് സർക്കാർ തീരുമാനം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം തിരുത്തലുമായി രംഗത്തെത്തിയത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചു.

അതേസമയം വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. നേരത്തെ സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

കേരളം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രനിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.