covid

 കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ മടങ്ങി

തിരുവനന്തപുരം: കൊവിഡിനെ യൂറോപ്പിനെക്കാൾ ഫലപ്രദമായി നേരിട്ടത് കേരളമാണ്. ഇവിടമാണ് കൂടുതൽ സുരക്ഷിതം. എന്നാൽ ഇറ്റലിയിലേക്ക് മടങ്ങിപ്പോയേ തീരൂ - കൊവിഡ് രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണെസോ പറഞ്ഞു. ഇന്നലെ രാവിലെ 8.30 ഓടെ ആശുപത്രി വിട്ട റോബർട്ടോ കടപ്പാടും സ്നേഹവും നിറഞ്ഞ മനസോടെയാണ് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചത്.

കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പ്രകടിപ്പിച്ച അദ്ദേഹം മന്ത്രി കെ.കെ.ശൈലജയുമായി ഫോണിൽ സംസാരിച്ചു. ഇറ്റലിയിൽ രോഗവ്യാപനം ശക്തമായതിനെ തുടർന്ന് വർക്കലയിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

ജനറൽ ആശുപത്രിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് റോബർട്ടോയ്ക്ക് യാത്ര അയപ്പ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് കാറിൽ ബംഗളൂരുവിൽ എത്തിയ ശേഷം ഇന്ന് പുലർച്ചെയുള്ള വിമാനത്തിൽ ഇറ്റലിയിലേക്ക് മടങ്ങും.


പങ്കെടുത്തത് ഉത്സവത്തിലുൾപ്പെടെ

ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28ന് വർക്കലയിലെത്തിയ റോബർട്ടോയ്ക്ക് മാർച്ച് 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം വർക്കല മേഖലയിൽ വ്യാപകമായി സഞ്ചരിക്കുകയും നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തു. ഡി.ജെ പാർട്ടികളിലും ക്ഷേത്ര ഉത്സവങ്ങളിലും പങ്കെടുത്തു. ഭാഷ അറിയാത്തതിനാൽ ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി. ഒടുവിൽ ഇറ്റാലിയൻ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെ 126 പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കി. അതേസമയം,​ റോബർട്ടോയിൽ നിന്ന് ഒരാൾക്കും രോഗം പടർന്നിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റോബർട്ടോയ്ക്ക് മാർച്ച് 26ന് കൊവിഡ് നെഗറ്റീവായി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും ജനറൽ ആശുപത്രിലുമായി 28 ദിവസം നിരീക്ഷണത്തിലാക്കിയാണ് നാട്ടിലേക്ക് വിട്ടത്.

'' ഇവിടത്തെ ചികിത്സ, ആശുപത്രി വാസം, ആഹാരം, പരിചരണം എന്നിവയുടെ ഗുണം വേണ്ടുവോളം മനസിലാക്കി. പ്രകൃതിഭംഗി ആസ്വദിക്കാനായി എല്ലാ വർഷവും കേരളത്തിൽ എത്താറുണ്ട്. ഇത്തവണത്തെ വരവിൽ കേരളത്തിന്റെ മികവുറ്റ ആരോഗ്യരംഗത്തെ കുറിച്ചും അറിയാനായി. ഇനിയും വരും"

-റോബർട്ടോ ടൊണെസോ