baby

ഹൈദരാബാദ്: ഹൈദരാബാദിൽ 45 ദിവസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് ബാധിത മേഖലകളിൽ സഞ്ചരിച്ചിട്ടില്ലെന്നും രോഗബാധിതരായ ആരുമായും അടുത്തിടപഴകിയിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.

ഇൗ മാസം എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് മെഹബൂബ നഗറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.